BREAKING NEWS

6/recent/ticker-posts

തുറന്ന് നോക്കിയത് രക്ഷയായി; കണ്ണൂരിൽ ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാറിൽ മയക്കുമരുന്ന്; ഞെട്ടലിൽ പ്രവാസി യുവാവും കുടുംബവും

കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്. ചക്കരക്കൽ സ്വദേശി മിഥിലാജിനറെ വീട്ടിൽ ജിസിൻ എന്നയാളാണ് അച്ചാർ എത്തിച്ചത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് ചെറിയ ഡപ്പിയിലാക്കി അച്ചാറിൽ ഒളിപ്പിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്‌ച രാത്രിയാണ് ഗൾഫിലേക്ക് പോകുന്ന മിഥിലാജിന്റെ വീട്ടിൽ അയൽക്കാരനായ ജിസിൻ പാഴ്സൽ എത്തിച്ചത്. മിഥിലാജിൻ്റെ ഒപ്പം ജോലി ചെയ്യുന്ന വഹിൻ എന്നയാൾക്ക് കൊടുക്കണം എന്നാണ് പറഞ്ഞിരുന്നത്. ശ്രീലാൽ എന്നയാൾ നൽകുന്ന പാഴ്സൽ ജിസിൻ കൊണ്ടുവരുമെന്ന് വഹിനും മിഥിലാജിന് മെസേജ് അയച്ചിരുന്നു.
മിഥിരാജിന്റെ ഭാര്യ പിതാവിന്റെ ജാഗ്രതയാണ് വൻ ആപത്തിൽ നിന്നും രക്ഷിച്ചത്. ഗൾഫിലേക്ക് കൊണ്ടുപോകുന്നതല്ലേ എന്ന് കരുതി വെറുതെ പാഴ്സ‌ൽ പരിശോധിക്കുകയായിരുന്നു. അച്ചറാന്റെ കുപ്പിക്ക് സാധാരണ കാണാറുള്ള സീലും ലേബിലും ഉണ്ടായിരുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലും ഡപ്പിയിലുമാക്കിയ വസ്തു‌ കണ്ടെത്തിയത്. 

തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ കവറിൽ .21 ഗ്രാം എംഡിഎംഎയും ഡപ്പിയിൽ 3 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. ജിസിൻ, ശ്രീലാൽ എന്നവർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മനഃപൂർവ്വം കുടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയവും വീട്ടുകാർക്കുണ്ട്.