● സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഓഗസ്റ്റ് ഒന്നിന് നടപ്പില്‍ വരും. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളർച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്.
എന്നാല്‍ പാചകത്തൊഴിലാളികള്‍ക്ക് ഇത് ഇരട്ടിഭാരമായി. നിലവിലെ പാചകത്തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രായം കൂടിയവരാണ്. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം. കൂടാതെ മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ ഒരുക്കണം.
500 കുട്ടികള്‍വരെ ഒരു പാചകത്തൊഴിലാളി
500 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ ഒരു പാചകത്തൊഴിലാളിക്കുള്ള വേതനമേ സർക്കാർ നല്‍കൂ. ചോറും രണ്ട് വിഭവങ്ങളും തയ്യാറാക്കുന്നതും പാലും മുട്ടയും ഒരുക്കുന്നതുമെല്ലാം ഒരാള്‍തന്നെ.
കുട്ടികള്‍ 250-ല്‍ കൂടുതലാണെങ്കില്‍ ഒരാള്‍ക്ക് തനിച്ച് ഇവ ചെയ്യാനാകില്ല. ലഭിക്കുന്ന തുച്ഛമായ കൂലിയില്‍നിന്ന് പകുതി നല്‍കി മറ്റൊരു തൊഴിലാളിയെക്കൂടി കൂട്ടിയാണ് ഇവർ വിഭവങ്ങള്‍ തയ്യാറാക്കുന്നത്.
ലഭിക്കുന്നത് 600 രൂപ മാത്രം
നാലുവർഷം മുൻപ് നിശ്ചയിച്ച 600 രൂപയാണ് ഇപ്പോഴും വേതനം. മുൻപ് ഓരോവർഷവും 50 രൂപവീതം കൂട്ടുമായിരുന്നു. ഭൂരിഭാഗം പേരും ഒരാളെക്കൂടി കൂട്ടുന്നതുകൊണ്ട് 300 രൂപയേ കിട്ടൂ. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലതാനും.
അഞ്ചാംക്ലാസ് വരെ തുക വർധിപ്പിക്കണം
ഈ വർഷം പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 6.78 രൂപയും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് 10.17 രൂപയുമാണ് ഒരുദിവസം ലഭിക്കുക. അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന തുകകൊണ്ട് പുതിയ മെനു പ്രകാരം ഉച്ചഭക്ഷണം ഒരുക്കാൻ കഴിയില്ലെന്ന് പ്രഥമാധ്യാപകർ പറയുന്നു.
Social Plugin