Hot Posts

6/recent/ticker-posts

Ad Code

ഗില്ലിന്റെ ജഴ്സിക്ക് ലേലത്തിൽ പൊന്നും വില; റൂട്ടിനെയും മറികടന്നു

ലണ്ടൻ: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ഉപയോഗിച്ച ഇന്ത്യൻ ജേഴ്സിക്ക് ലേലത്തിൽ ലഭിച്ചത് 4600 പൗണ്ട് അതായത് ഏകദേശം 5.41 ലക്ഷം രൂപ. ലോർഡ്‌സിൽ വർഷാവർഷം നടക്കാറുള്ള റൂത്ത് സ്ട്രോസ് ഫൗണ്ടേഷൻ്റെ 'റെഡ് ഫോർ റൂത്ത്' എന്ന ധനസമാഹരണ കാമ്പെയ്നിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ലേലം. ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ ഇത്തവണത്തെ ലോർഡ്‌സ് ടെസ്റ്റിൽ ഉപയോഗിച്ച, അലക്കാത്ത ജേഴ്സികൾ, തൊപ്പികൾ, ചിത്രങ്ങൾ, ബാറ്റുകൾ, ഹോസ്‌പിറ്റാലിറ്റി ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വസ്‌തുക്കളാണ് ലേലത്തിൽ വെച്ചത്. ഇവയിലെല്ലാം താരങ്ങളുടെ ഒപ്പ് പതിച്ചിട്ടുണ്ട്.

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ഗിൽ തകർപ്പൻ പ്രകടനമാണ് പരമ്പരയിൽ പുറത്തെടുത്തത്. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്സുകളിൽ നിന്നായി നാല് സെഞ്ചുറികളടക്കം 75.40 ശരാശരിയിൽ 754 റൺസടിച്ച ഗില്ലായിരുന്നു പരമ്പരയിലെ ഇന്ത്യയുടെ താരം.
രവീന്ദ്ര ജഡേജയുടെയും ജസ്പ്രീത് ബുംറയുടെയും ജേഴ്‌സികൾക്ക് 4200 പൗണ്ട് (4.94 ലക്ഷം രൂപ) ലഭിച്ചു. ഋഷഭ് പന്തിന്റെ ജേഴ്സി 3400 പൗണ്ട് (4 ലക്ഷം രൂപ), കെ.എൽ. രാഹുലിന്റെ ജേഴ്‌സി 4000 പൗണ്ട് (4.70 ലക്ഷം രൂപ) എന്നിങ്ങനെയും ലേലത്തിൽ പോയി.

ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടിൻ്റെ ജേഴ്സിക്കാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്. 3800 പൗണ്ട് (4.47 ലക്ഷം രൂപ). ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിന്റെ ജേഴ്‌സി 3400 പൗണ്ടിന് (4 ലക്ഷം രൂപ) ലേലം ചെയ്യപ്പെട്ടു. ജോ റൂട്ട് ഒപ്പിട്ട തൊപ്പി 3,000 പൗണ്ടിനാണ് (ഏകദേശം 3.52 ലക്ഷം രൂപ) ലേലത്തിൽ പോയത്. ഋഷഭ് പന്തിന്റെ തൊപ്പിക്ക് 1,500 പൗണ്ട് (ഏകദേശം 1.76 ലക്ഷം രൂപ) ലഭിച്ചു.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്, കാൻസർ ബാധിച്ച് മരിച്ച ഭാര്യ റൂത്ത് സ്ട്രോസിന്റെ സ്മ‌രണയ്ക്കായി ആരംഭിച്ചതാണ് റൂത്ത് സ്ട്രോസ് ഫൗണ്ടേഷൻ. എല്ലാ വർഷവും ലോർഡ്‌സിൽ നടക്കുന്ന ടെസ്റ്റിന്റെ ഒരു ദിവസം ഫൗണ്ടേഷനു വേണ്ടി 'റെഡ് ഫോർ റൂത്ത്' എന്ന പേരിൽ സമർപ്പിക്കാറുണ്ട്. ഇംഗ്ലണ്ട് താരങ്ങളും ആരാധകരും പൊതുജനങ്ങളും അന്ന് ചുവപ്പ് വസ്ത്രം ധരിച്ചാണ് സ്റ്റേഡിയത്തി എത്തുക. കാൻസർ ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ഫൗണ്ടേഷന് രൂപം കൊടുത്തത്.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code