● കണ്ണൂർ: വാട്‌സ് ആപ്പിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000 രൂപ തട്ടിയ കേസിൽ ചെന്നൈ സ്വദേശികൾ അറസ്റ്റിൽ. ചെന്നൈ മങ്ങാട് സൈദ് സാദിഖ് നഗർ സ്വദേശികളായ മഹബൂബാഷ ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അന്വേഷണ സംഘം ചെന്നൈയിൽ എത്തി അറസ്റ്റുചെയ്തത്. ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് അപ്സ്റ്റോക് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്കീമിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്സ് ആപ്പ് വഴിയുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു.
ഓരോ തവണ ഇൻവെസ്റ്റ് ചെയ്യുമ്പോഴും വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനിൽ വലിയ ലാഭം കാണിക്കുകയും പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിൻവലിക്കാൻ സാധിക്കാൻ കഴിയാതെ വന്നതോടെയുമാണ് തട്ടിപ്പാണെന്ന് മനസിലായത്. നഷ്ടപ്പെട്ട തുകയിൽ 40 ലക്ഷത്തോളം രൂപ പ്രതികൾ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എ.ടി.എം വഴി പിൻവലിക്കുകയും ബാക്കി തുക ഇന്റർനെറ്റ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ ജി.എസ്.ഐ ഉദയകുമാർ, ജി.എ.എസ്.ഐ പ്രകാശൻ, സി.പി.ഒ ദിജിൻരാജ്, എച്ച്.സി ജിതിൻ, പി.സി സുദാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.പി പ്രജീഷ്, എ എസ്.ഐ ജ്യോതി, സി.പി.ഒ സുനിൽ, എച്ച്.സി ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ചെന്നൈയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.
Related tags: Latest News Kannur, WhatsApp, Fake, Online Trading.
Social Plugin