● ദുബൈ: ഒക്ടോബർ ഒന്നു മുതൽ എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. നിലവിൽ പ്രത്യേക നിബന്ധനകളോടെ എമിറേറ്റ്സ് യാത്രക്കാർക്ക് ഒരു പവർ ബാങ്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്.
ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടാവുകയോ ചെയ്‌താൽ, അത് 'തെർമൽ റൺ എവേ'യ്ക്ക് കാരണമായേക്കാമെന്ന് എമിറേറ്റ്സ് മുന്നറിയിപ്പ് നൽകി. അങ്ങനെ വന്നാൽ, വേഗത്തിലും അനിയന്ത്രിതമായും താപനില ഉയരും. ചൂട് പരിധിവിട്ട് ഉയർന്നാൽ അഗ്നിബാധ, സ്ഫോടനം, വിഷ വാതകങ്ങളുടെ വ്യാപനം എന്നിവക്ക് കാരണമാകുമെന്നും എയർലൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. പത്ത് വർഷത്തിനിടെ 12 അപകടങ്ങൾ ആണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഒടുവിൽ യുഎസ് വിമാനത്തിൽ കഴിഞ്ഞ മാസവും റിപ്പോർട്ട് ചെയയ്തു.
പുതിയ നിയമങ്ങൾ
വിമാനങ്ങളിൽ ഒക്ടോബർ ഒന്നു മുതൽ പവർ ബാങ്കുകൾക്കായി എമിറേറ്റ്സ് പുതിയ നിയമങ്ങളാണ് ഏർപ്പെടുത്തുക.
വിമാനങ്ങളിൽ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങൾ തടയാൻ എമിറേറ്റിന്റെ മുൻനിര കാരിയർ വ്യവസ്ഥകളാണ് കൊണ്ടുവരിക.
താഴെ ലിസ്റ്റ് ചെയ്‌തിരിക്കുന്ന പ്രത്യേക നിബന്ധനകളോടെയാണ് എമിറേറ്റ്സ് ഉപയോക്താക്കൾക്ക് പവർ ബാങ്ക് ഓൺബോർഡിൽ കൊണ്ടുപോകാൻ അനുവാദമുള്ളത്. എന്നാൽ, വിമാന കാബിനിൽ ആയിരിക്കുമ്പോൾ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. പവർ ബാങ്കിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ വിമാനത്തിന്റെ പവർ സ്രോതസ് ഉപയോഗിച്ച് സ്വയം ചാർജ് ചെയ്യാനോ പാടില്ല. മറ്റു കമ്പനികളും എമിറേറ്സ് മാതൃകയിൽ വിലക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. എമിറേറ്റ്സിന്റെ പുതിയ ചട്ടങ്ങൾ
1. എമിറേറ്റ്സ് യാത്രക്കാർക്ക് 100 വാട്ട് അവറിൽ താഴെയുള്ള ഒരു പവർ ബാങ്ക് കൊണ്ടുപോകാം.
2. ഏതെങ്കിലും വ്യക്തിഗത ഉപകരണങ്ങൾ ഓൺബോർഡിൽ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.
3. വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നത് അനുവദനീയമല്ല.
4. അനുവദിച്ച പവർ ബാങ്കിൽ ശേഷി റേറ്റിങ് വിവരങ്ങൾ ലഭ്യമായിരിക്കണം.
5. വിമാനത്തിലെ ഓവർ ഹെഡ് സ്റ്റൗജ് ബിന്നിൽ പവർ ബാങ്കുകൾ വയ്ക്കാൻ പാടില്ല. സീറ്റ് പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലെ ബാഗിലോ വയ്ക്കണം.
6. നിലവിലുള്ള നിയമനുസരിച്ച് ചെക്ക് ചെയ്ത ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല.
സമീപ വർഷങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളിൽ ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്. ഇത് വ്യോമയാന വ്യവസായത്തിലുടനീളം വിമാനങ്ങളിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പവർ ബാങ്ക് ബാറ്ററി
പവർ ബാങ്കുകളിൽ പ്രധാനമായും ലിഥിയം അയോൺ, അല്ലെങ്കിൽ ലിഥിയം പോളിമർ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. കൂടാതെ, യാത്രയ്ക്കിടെ ഉപകരണങ്ങൾ റീചാർജ് ചെയ്യാൻ രൂപകൽപന ചെയ്ത ഒരു പോർട്ടബിൾ ബാറ്ററി പായ്ക്കായിട്ടാണ് അവയുടെ പ്രവർത്തനം. ബാറ്ററികളിൽ ഒരു ഇലക്ട്രോലൈറ്റ് ലായനിയിൽ സസ്പെൻഡ് ചെയ്ത ലിഥിയം അയോണുകൾ അടങ്ങിയിരിക്കുന്നു. ബാറ്ററി ചാർജ് ചെയ്യുകയും ഡിസ്‌ചാർജ് ചെയ്യുകയും ചെയ്യുമ്പോൾ രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന അയോണുകൾ ഇലക്ട്രോ ലൈറ്റിലൂടെ ഒഴുകുന്നു.
ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടാവ്കയോ ചെയ്യുമ്പോഴാണ് നേരത്തെ പറഞ്ഞ 'തെർമൽ റൺ എവേ' എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. ബാറ്ററികളിലെ ഈ സംഭവ വികാസം സ്വയം ഊർജം സൃഷ്ടിക്കുന്ന പ്രക്രിയയാണ്. ഒരു ബാറ്ററി സെല്ലിനുള്ളിലെ താപ ഉൽപാദനം താപം
പുറന്തള്ളാനുള്ള കഴിവിനെ കവിയുന്നു. ഇത് വേഗത്തിലുള്ളതും അനിയന്ത്രിതവുമായ താപനില കൂടാനും, തീ, സ്ഫോടനങ്ങൾ, വിഷവാതകങ്ങളുടെ കത്തൽ പോലുള്ള അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
മിക്ക ഫോണുകളിലും സങ്കീർണ്ണമായ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും അമിതമായി ചാർജ് ചെയ്യുന്നത് തടയാൻ ബാറ്ററിയിലേക്ക് പതുക്കെ കറന്റ് ചേർക്കുന്ന ഒരു ആന്തരിക ട്രിക്കിൾ സിസ്റ്റം ഉണ്ട്. എന്നാൽ, പല അടിസ്ഥാന പവർ ബാങ്കുകളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. എല്ലാ പവർ ബാങ്കുകളും രാജ്യത്തെ പുതിയ നിയമങ്ങൾക്ക് വിധേയമാണ്.
പുതിയ നിയന്ത്രണങ്ങളിലൂടെ പവർ ബാങ്കുകളെ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിലൂടെ അവയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ ഗണ്യമായി കുറയ്ക്കും.
Social Plugin