● കണ്ണൂർ : പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നടത്തുന്ന സ്വകാര്യ ബസ് പണിമുടക്ക് നാലാം ദിവസത്തിൽ. തലശ്ശേരിയിൽ നിന്ന് സർവീസ് നടത്തുന്ന ബസ്സുകൾക്ക് പുറമേ കൂടുതൽ റൂട്ടുകളിലേക്ക് പണിമുടക്ക് വ്യാപിപ്പിച്ചു. ഇന്നലെ നടത്തിയ ചർച്ചയിൽ സമരം പിൻവലിക്കാൻ ധാരണയാണെങ്കിലും അംഗീകരിക്കാൻ ജീവനക്കാർ തയ്യാറാകാത്തതാണ് സമരം തുടരാൻ കാരണം.
തലശ്ശേരി - തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്ടർ വിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് പണിമുടക്ക് തുടങ്ങിയത്. ബുധനാഴ്‌ച തലശ്ശേരി തൊട്ടിൽപാലം റൂട്ടിൽ മാത്രമായിരുന്നു പണിമുടക്ക്. പിന്നെയത് തലശ്ശേരിയിൽ നിന്ന് സർവീസ് നടത്തുന്ന മുഴുവൻ റൂട്ടുകളിലേക്കും വ്യാപിച്ചു. ഇപ്പോൾ പാനൂർ, കുത്തുപറമ്പ്, ചെറുവാഞ്ചേരി തുടങ്ങിയ സ്‌ഥലങ്ങളിലേക്കും ബസ് സമരം വ്യാപിച്ചു കഴിഞ്ഞു.
വടകരയിൽ ബസ് സമരം മൂന്നാം ദിവസത്തിലാണ്. വിഷ്‌ണുവിനെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിൽപെട്ട സവാദ്, വിശ്വജിത്ത് എന്നിവരെ പിടികൂടാത്തതാണ് പണിമുടക്ക് തുടരാൻ കാരണം . തലശ്ശേരി എ എസ് പി യുമായി തൊഴിലാളി യൂണിയൻ പ്രതിനിധികളും ഉടമകളും നടത്തിയ ചർച്ചയിൽ സമരം പിൻവലിക്കാൻ ധാരണയായിരുന്നു.
പ്രതികളെ പിടികൂടാമെന്നും, ജീവനക്കാർക്ക് സുരക്ഷ ഉറപ്പുവരുത്താം എന്നുമുള്ള ഉറപ്പിലായിരുന്നു ഈ ധാരണ . എന്നാൽ ഇത് അംഗീകരിക്കാൻ ജീവനക്കാർ തയ്യാറായില്ല. പ്രതികളെ പിടികൂടാതെ സമരം പിൻവലിക്കില്ല എന്നാണ് നിലപാട്. ധാരണ അംഗീകരിച്ച ഏതാനും ബസ്സുകൾ സർവീസ് നടത്തി. യാത്രാക്ലേശം കണക്കിലെടുത്ത് കെഎസ്ആർടിസി ബദൽ സർവീസുകൾ നടത്തുന്നുണ്ട്. നാലുദിവസമായി തലശ്ശേരി വഴിയുള്ള നിരവധി യാത്രക്കാരാണ് വലയുന്നത്.
Social Plugin