● ബർമിങാം: ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ക്യാപ്റ്റൻ എബി ഡി വില്ലിയേഴ്സിന്റെ തകർപ്പൻ സെഞ്ചുറി ബലത്തില്‍ ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയം നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. കേവലം 16.5 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സ് നേടി മറുപടി നല്‍കി. ഡിവില്ലിയേഴ്സാണ് ഫൈനലിലെയും ടൂർണമെന്റിലെയും താരം.
60 പന്തുകളില്‍ 120 റണ്‍സ് നേടി പുറത്താവാതെ നിന്ന് ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് മത്സരഫലത്തെ പ്രധാനമായും നിർണയിച്ചത്. 12 ഫോറും ഏഴ് സിക്സും ഉള്‍പ്പെടുന്നതാണ് പ്രോട്ടീസ് ക്യാപ്റ്റന്റെ ഇന്നിങ്സ്. 47 പന്തുകളില്‍നിന്നാണ് സെഞ്ചുറി കുറിച്ചത്. ടൂർണമെന്റിലെ ഡിവില്ലിയേഴ്സിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയക്കെതിരേ 39 പന്തിലും ഇംഗ്ലണ്ടിനെതിരേ 41 പന്തിലും സെഞ്ചുറി കണ്ടെത്തിയിരുന്നു.
ജീൻപോള്‍ ഡുമിനി പുറത്താകാതെ 28 പന്തില്‍ 50 റണ്‍സും നേടി. ഓപ്പണർ ഹാഷിം അംല (18) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ പുറത്തായത്. ഡിവില്ലിയേഴ്സും ഡുമിനിയും ചേർന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ഓപ്പണർ ഷർജീല്‍ ഖാന്റെ അർധ സെഞ്ചുറി (44 പന്തില്‍ 76) ആണ് പാകിസ്താന് മികച്ച സ്കോർ കണ്ടെത്താൻ സഹായകമായത്. ഉമർ അമിൻ (36), ഷുഹൈബ് മാലിക് (20), ആസിഫ് അലി (28), ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് (17) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വില്‍ജോയനും പാർനലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഒളിവിയറിന് ഒരു വിക്കറ്റ് ലഭിച്ചു. പാക് നിരയില്‍ സഈദ് അജ്മലിന് മാത്രമാണ് വിക്കറ്റ് നേടാനായത്.
Social Plugin