Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 4181 പേർക്ക്; മൂന്ന് മരണം

കണ്ണൂർ: ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 4181 പേർക്ക്. മൂന്ന് മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇതുവരെ 44 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തു‌. 44 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എത്തിയവരായിരുന്നു. അതിൽ 27 അതിഥി തൊഴിലാളികളും 17 പ്രവാസി മലയാളികളും ഉൾപ്പെടുന്നു. ഈ വർഷം തദ്ദേശീയ മലേറിയ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ജില്ലയിൽ, 64 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതിൽ നാല് കേസുകൾ കണ്ണൂർ നഗരത്തിൽനിന്നും തദ്ദേശീയമായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മൂന്നു വർഷത്തോളം തുടർച്ചയായി തദ്ദേശീയ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും മലേറിയ മരണവും ഇല്ലാത്ത സാഹചര്യത്തിലാണ് ജില്ലയെ മലമ്പനി വിമുക്തമായി പ്രഖ്യാപിക്കാൻ സാധിക്കുന്നത്.

ജില്ലയിൽ നിലവിൽ 876 മന്ത് രോഗികളാണുള്ളത്. തലശ്ശേരി നഗരസഭ, കണ്ണൂർ കോർപറേഷൻ, തളിപ്പറമ്പ് നഗരസഭ, അഴിക്കോട്, ചിറക്കൽ, വളപട്ടണം എന്നിവിടങ്ങളിലാണ് മന്തുരോഗം കൂടു തലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം മന്തുരോഗ വാഹകരായി കണ്ടെത്തിയിട്ടുള്ളത് ജില്ലയിൽ 67 പേരെയാണ്. ഇതിൽ 61 പേർ അതിഥി തൊഴിലാളികളും ആറുപേർ തദ്ദേശീയരും ആണ്. അതിഥി തൊഴിലാളികളിൽ പ്രധാനമായും ബിഹാർ, ഝാർഖണ്ഡ് മേഖലയിൽനിന്ന് വരുന്നവരിലാണ് മന്തുരോഗ വിരകളെ കണ്ടെത്തിയിട്ടുള്ളത്. കൊതുകുജന്യ രോഗമായ വെസ്റ്റ് നൈൽ ഈ വർഷം ജില്ലയിൽ നിലവിൽ രണ്ടു കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ചിറ്റാരിപ്പറമ്പ്, തളിപ്പറമ്പ് മേഖലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ജില്ലയിൽ ഈ വർഷം ഒരു ചികുൻ ഗുനിയ കേസാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 2024ൽ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ലോക കൊതുക് ദിനാചരണത്തിൻ്റെ ജില്ലതല ഉദ്ഘാടനവും കോളജ് വിദ്യാർഥികൾക്കുള്ള മെഗാ പ്രശ്നോത്തരി മത്സരവും കണ്ണൂരിൽ കോർപറേഷൻ മേയർ മുസ്ല‌ിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല വെക്ടർ ബോൺ ഡീസീസ് കൺട്രോൾ ഓഫിസർ ഡോ. കെ.കെ. ഷിനി അധ്യക്ഷതവഹിച്ചു. എൻ.എച്ച്.എം ഡി.പി.എം ഡോ. പി.കെ. അനിൽ കുമാർ, ജില്ല സർവേലൻസ് ഓഫിസർ ഡോ. കെ. സി. സച്ചിൻ, അനിൽകുമാർ, വിജയമ്മ നായർ, കെ.ജി ഗോപിനാഥൻ, എം.ബി. മുരളി, സി.പി. ര മേശൻ, വി.എ. ഷബീർ, ടി. സുധീഷ് എന്നിവർ സംസാരിച്ചു.