BREAKING NEWS

6/recent/ticker-posts

കന്യാസ്ത്രീകളുടെ അറസ്റ്റ്; വായ മൂടിക്കെട്ടി പ്രതിഷേധിച്ച്‌ കത്തോലിക്കാ ഫോറം

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. തിരുവനന്തപുരം കത്തോലിക്കാ ഫോറത്തിന്റെ നേതൃത്വത്തില്‍ പാളയത്ത് നിന്ന് ആരംഭിച്ച വായ മൂടിക്കെട്ടിയുള്ള പ്രതിഷേധമാർച്ച്‌ രാജ്ഭവനിലേക്കാണ് സംഘടിപ്പിച്ചത്. ബിഷപ്പ് കർദിനാള്‍ ബസേലിയോസ് ക്ലിമിസ് ബാവ അടക്കമുള്ള സഭാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സന്യാസിമാർ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടാണ് ക്രിസ്ത്യൻ സഭകളുടെ സംയുക്ത സമരം. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ബിജെപിയുമായി ഒരു സൗഹൃദ നിലപാടിലേക്ക് നീങ്ങിയ ക്രൈസ്തവസഭ നിലപാട് തിരുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രസർക്കാരിനും ബിജെപി നേതൃത്വത്തിനെതിരെയും കടുത്തനിലപാടിലേക്കാണ് സഭ നീങ്ങുന്നത്.

സിറോ മലബാർ സഭയുടെ കീഴില്‍ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢില്‍ അറസ്റ്റിലായത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകളെ ദുർഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇവർ ഗാർഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജ്റങ്ദള്‍ പ്രവർത്തകർ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.