BREAKING NEWS

6/recent/ticker-posts

'വിദ്യാര്‍ഥികള്‍ എന്തിന് ബുദ്ധിമുട്ടണം'; ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തില്‍ സർവ്വകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയില്‍ ആകരുത് എന്ന് സുപ്രീം കോടതി. സർവ്വകലാശാലയ്ക്ക് വൈസ് ചാൻസലർമാർ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടിലാകുന്നത് വിദ്യാർത്ഥികളാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സർവ്വകലാശാലകളുടെ പ്രവർത്തനത്തില്‍ രാഷ്ട്രീയം കൊണ്ടുവരരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.

കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റല്‍ സർവകലാശാലയിലെയും താല്‍ക്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. ഈ രണ്ട് സർവ്വകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാൻ ചാൻസലർക്ക് സുപ്രീം കോടതി അനുമതി നല്‍കി.
സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതുവരെ ഡിജിറ്റല്‍, സാങ്കേതിക സർവ്വകലാശാലകളില്‍ താത്കാലിക വൈസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർക്ക് പുതിയ വിജ്ഞാപനം ഇറക്കാം. മുമ്പ് താത്കാലിക വൈസ് ചാൻസ്ലർമാർ ആയിരുന്ന സിസ തോമസിനെയും ശിവ പ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച്‌ ചാൻസലർക്ക് ഉത്തരവിറക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്.

താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസ് കാരണം വിദ്യാർത്ഥികള്‍ എന്തിന് ബുദ്ധിമുട്ടണമെന്ന് സുപ്രീം കോടതി ചോദിച്ചു. സർവ്വകലാശാലകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാകാതിരിക്കാൻ ഗവർണറോടും സർക്കാരിനോടും യോജിച്ച്‌ പ്രവർത്തിക്കാൻ കോടതി ആവശ്യപ്പെട്ടു. ഗവർണർക്കുവേണ്ടി അറ്റോർണി ജനറല്‍ ആർ. വെങ്കിട്ട രമണി, അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യം ടി.ആർ. എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഹാജരായത്.