● പഴയങ്ങാടി : KSTP റോഡിൽ നടപ്പാത കയ്യേറിയുളള വാഹനപാർക്കിങ് തടയാനായി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.ഏഴോം പഞ്ചായത്ത്, പഴയങ്ങാടി പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് വ്യാപാരികളുടെ സഹകരണത്തോടെ റോഡിലെ പ്രധാന കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. എരിപുരം മുതൽ പഴയങ്ങാടി പാലം വരെയുളള നടപ്പാത കയ്യേറി വാഹനങ്ങൾ രാവിലെ മുതൽ രാത്രി വരെ പാർക്ക് ചെയ്ത് പോകുന്നത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത് സ്‌കൂൾ,കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുളള കാൽനടയാത്രക്കാർക്ക് നടപ്പാത കയ്യേറിയുള്ള വാഹനപാർക്കിങ് ദുരിതം തീർക്കുന്നുണ്ട്.
പഴയങ്ങാടിയിലെ നടപ്പാത കയ്യേറിയുള്ള കച്ചവടങ്ങളും നീക്കാൻ ചെയ്യാൻ പൊലിസ്,ഏഴോം പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയിൽ എരിപുരം മുതൽ പഴയങ്ങാടി പാലം വരെ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ നോ പാർക്കിങ് ബോർഡുകൾ സ്‌ഥാപിക്കുന്നതെന്ന് ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, പഴയങ്ങാടി എസ് ഐ കെ.സുഹൈൽ എന്നിവർ പറഞ്ഞു. അനധികൃത വാഹനപാർക്കിങ്ങിനെതിരെ ബുധനാഴ്ച മുതൽ പിഴ ഈടാക്കുമെന്ന് പഴയങ്ങാടി പൊലീസ് അറിയിച്ചു.
പഴയങ്ങാടിയിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കാൻ യോഗം വിളിച്ചുചേർക്കുമെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു. പഴയങ്ങാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപ്പാത കയ്യേറിയുളള സ്‌ഥിരമായ വാഹന പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്താനും എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇതിനായി ഓട്ടോ ടാക്സി ഡ്രൈവർമാർ,സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം ഉടൻ വിളിച്ച് ചേർക്കുമെന്ന് അധികൃതർ പറഞ്ഞു
Social Plugin