Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ആരോഗ്യവകുപ്പ്

കണ്ണൂർ : അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

രോഗാണുക്കള്‍

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്.

ലക്ഷണങ്ങള്‍

തീവ്രമായ തലവേദന, പനി,ഓക്കാനം,
ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍

* ഭക്ഷണം കഴിക്കാനുള്ള വിമുഖത,
* നിഷ്ക്രിയരായി കാണപ്പെടുക,
* സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവ.
രോഗം ഗുരുതരാവസ്ഥയിലായാല്‍ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും.
രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ നിർബന്ധമായും അറിയിക്കണം.

രോഗം പ്രതിരോധിക്കാം; വെള്ളമാണ് വില്ലൻ

• കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ തല മുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട് ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
• നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
• വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
• മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും, ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക.

കിണർ വെള്ളം ക്ലീനാക്കും ക്ലോറിൻ

• കിണറുകള്‍ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ ) രോഗത്തെ തടയുന്നതിനും സഹായിക്കും.

നീന്തല്‍ക്കുളങ്ങളില്‍ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങള്‍

• ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂർണമായും ഒഴുക്കി കളയുക.
• സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച്‌ നന്നായി ഉരച്ച്‌ കഴുകുക.
• പ്രതലങ്ങള്‍ നന്നായി ഉണങ്ങാൻ അനുവദിക്കുക.
• നീന്തല്‍ക്കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കുക.
• പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക,
• വെള്ളത്തിന്റെ അളവിനനുസരിച്ച്‌ (അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1,000 ലിറ്റർ വെള്ളത്തിന് എന്ന അനുപാതത്തില്‍) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലെവല്‍ 0.5 പി പി എം മുതല്‍ 3 പി പി എം ആയി നിലനിർത്തുക.

Related tags: Latest Kannur News, Encephalitis