● അർജന്റീന ദേശീയ ടീമിൽ ഇതിഹാസ താരം ലയണൽ മെസിയുടെ പിൻഗാമിയായി മാറാൻ സാധിക്കുന്ന താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ റിവർ പ്ലേറ്റ് സ്കൗട്ടും പരിശീലകനുമായ ഡാനിയേൽ ബ്രിസുവേല. റയൽ മാഡ്രിഡ് യുവതാരം ഫ്രാങ്കോ മസ്റ്റാന്റു്റുവോണോയെയാണ് ഭാവിയിൽ അർജന്റീനയിലെ മെസിയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത്.
അടുത്ത ലോകകപ്പിൽ ഫ്രാങ്കോ അർജന്റീനക്കായി കളിക്കുമെന്നും ഡാനിയേൽ ബ്രിസുവേല അഭിപ്രായപ്പെട്ടു. മാത്രമല്ല റയൽ താരത്തെ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനുമായി ബ്രിസുവേല താരതമ്യപ്പെടുത്തുകയും ചെയ്തു. റേഡിയോ മാർക്കയുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബ്രിസുവേല.
"അടുത്ത ലോകകപ്പിൽ അവൻ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അർജന്റീന ദേശീയ ടീമിൽ പത്താം നമ്പർ ജേഴ്സിയുടെ അവകാശിയാണ് ഫ്രാങ്കോ. സിനദിൻ സിദാന്റെ ഗുണങ്ങൾ അദ്ദേഹത്തിനുണ്ട്. വളരെ മികച്ച കളിക്കാരനാണ് അദ്ദേഹം" ഡാനിയേൽ ബ്രിസുവേല പറഞ്ഞു.
റിവർപ്ലേറ്റിൽ നിന്നും വളർന്നു വന്ന 17കാരനായ ഫ്രാങ്കോ അടുത്തിടെയാണ് റയൽ മാഡ്രിഡിൽ എത്തിയത്. പാരീസ് സെയ്ന്റ് ജെർമെയ്ൻ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വമ്പൻ ടീമുകൾ ഫ്രാങ്കോയെ സ്വന്തമാക്കാൻ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ താരം ഒടുവിൽ റയൽ മാഡ്രിഡിൽ എത്തുകയായിരുന്നു.
ജൂണിൽ ചിലിക്കെതിരെ നടന്ന മത്സരത്തിലാണ് ഫ്രാങ്കോ അർജന്റിക്കായി അരങ്ങേറ്റം കുറിച്ചത്. അർജൻ്റീന ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇതോടെ ഫ്രാങ്കോ മാറിയിരുന്നു. 17 വയസ്സും 295 ദിവസവും പ്രായമുള്ളപ്പോൾ ആണ് താരം അർജന്റീനക്കായി അരങ്ങേറ്റം കുറിച്ചത്.
Social Plugin