BREAKING NEWS

6/recent/ticker-posts

ട്രെയിനുകളിലെ റാഗിംഗ് വീരന്മാര്‍ക്ക് പിടി വീഴും; നിരീക്ഷണത്തിന് സംയുക്ത സ്പെഷ്യല്‍ സ്ക്വാഡ്


കാസർകോട് : മംഗളൂരു-കണ്ണൂർ പാസഞ്ചറിലേയും (56718),ചെറുവത്തൂർ മംഗളൂരു പാസഞ്ചറിലേയും റാഗിംഗ് തടയുന്നതിന് സംയുക്ത സ്പെഷ്യല്‍ സ്ക്വാഡിനെ നിയോഗിച്ച്‌ ജില്ലാ പൊലീസ് ചീഫ്. ഇതിന് പുറമെ ജില്ലയിലെ സ്കൂളുകളില്‍ അടിക്കടിയുണ്ടാകുന്ന വിദ്യാർത്ഥി സംഘർഷം നിയന്ത്രിക്കുന്നതിനും സംയുക്ത സ്പെഷ്യല്‍ സ്ക്വാഡിന്റെ ഇടപെടലുണ്ടാകും. ജില്ല പൊലീസ് ചീഫ് ബി.വി.വിജയ ഭരത് റെഡ്‌ഡി വിളിച്ചുചേർത്ത ആർ.പി.എഫ്,കേരള റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

കാലങ്ങളായി മംഗളൂരു കണ്ണൂർ പാസഞ്ചറില്‍ നടക്കുന്ന ക്രൂരമായ റാഗിംഗ് ഇക്കുറിയും തലവേദനയായതോടെയാണ് പൊലീസ് ചീഫിന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം മഞ്ചേശ്വരം ഗവ.കോളേജിലെ അദ്ധ്യാപകനായ കാഞ്ഞങ്ങാട് സ്വദേശിയെ ട്രെയിനില്‍ വച്ച്‌ ഒരു സംഘം വിദ്യാർത്ഥികള്‍ മർദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചതോടെയാണ് വിഷയം വീണ്ടും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. മംഗളൂരുവിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ജൂനിയർ വിദ്യാർത്ഥികളാണ് ട്രെയിനുകളില്‍ ക്രൂരമായ റാഗിംഗിന് വിധേയമാകുന്നത്. കോളേജില്‍ വച്ച്‌ റാഗിംഗ് നടത്തിയാല്‍ കർശന നടപടിയുണ്ടാകുമെന്നതിനാലാണ് സംഘം ട്രെയിനുകള്‍ ഇതിനായി തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളുടേയും ട്രെയിൻ യാത്രക്കാരുടേയും പരാതികള്‍ വർദ്ധിച്ചതോടെയാണ് ജില്ലാ പൊലീസ് കാര്യാലയത്തില്‍ യോഗം വിളിച്ചുചേർത്തത്. ജില്ലാ അഡിഷണല്‍ എസ്.പി സി.എം.ദേവദാസൻ, ജില്ലാ നാർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ.അനില്‍ കുമാർ, ആർ.പി.എഫ് ഇൻസ്‌പെക്ടർ, കേരള റെയില്‍വേ പൊലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സ്പെഷ്യല്‍ സ്‌ക്വാഡിന് രൂപം നല്‍കിയത്.

ട്രെയിനുകളില്‍ മഫ്തി പൊലീസ്

റാഗിംഗ് നടക്കുന്ന ട്രെയിനുകളില്‍ ഇനി മുതല്‍ മഫ്തിയില്‍ പൊലീസുകാരുണ്ടാകും. റാഗിംഗ് പിടികൂടിയാല്‍ വിട്ടുവീഴ്ച ഇല്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് ചീഫ് മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യം തെളിഞ്ഞാല്‍ രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. റാഗിംഗ് നടന്നത് മറച്ചുവെക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങളും നടപടി നേരിടേണ്ടിവരും.

ആന്റി റാഗിംഗ് ഹെല്പ് ലൈൻ നമ്പർ 1800-180-5522 (24x7 Toll Free)

ഇമെയില്‍- helpline@antiragging.in

വെബ്സൈറ്റ്-www.antiragging.in