BREAKING NEWS

6/recent/ticker-posts

ജയിലില്‍ നിന്നിറങ്ങി; വീട്ടിലെ കിടപ്പു മുറിയില്‍ ഒളിപ്പിച്ചത് 30 ഗ്രാം എംഡിഎംഎ; ജില്ലയിലെ മയക്കുമരുന്ന് മാഫിയ തലവൻ വീണ്ടും പിടിയില്‍


കണ്ണൂർ: ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണി ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പ് മുറിയൻ ഷബീർ (42) പൊലീസ് പിടിയില്‍. ശ്രീകണ്ഠാപുരം പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയില്‍ 30 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്.

ശ്രീകണ്ഠാപുരം എസ്‌ഐ പിപി പ്രകാശനും സംഘവും ചേർന്നാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ അടുക്കത്തെ വീട്ടില്‍ നിന്നു ഇയാളെ വലയിലാക്കിയത്. കഴിഞ്ഞയാഴ്ച കണ്ണൂർ ടൗണ്‍ പൊലീസ് എംഡിഎംഎയുമായി പിടികൂടിയ സാജുവെന്ന യുവാവ് മുഖേനയാണ് പൊ‌ലീസ് ഷബീറിലെത്തിയത്. സാജുവിൻ്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഷബീർ പണം സ്വീകരിച്ചിരുന്നത്.

പിന്നാലെ സാജുവിനെ ശ്രീകണ്ഠാപുരം പൊലീസിന് കൈമാറി ഷബീറിൻ്റെ വീട്ടില്‍ റെയ്ഡ് നടത്തി. റെയ്ഡ് സമയത്ത് ഷബീർ വീട്ടിലുണ്ടായിരുന്നു. ഇയാളുടെ കിടപ്പു മുറിയില്‍ ഒളിച്ചുവച്ച നിലയിലാണ് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. നേരത്തെയും ഇയാളെ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിനു സ്വന്തം വീട്ടില്‍ നിന്നു പൊലീസ് പിടികൂടിയിരുന്നു. 
അന്ന് ഗേറ്റ് തുറക്കാത്തതിനാല്‍ വീടിൻ്റെ ഏഴടിയുള്ള മതില്‍ ചാടി കടന്നാണ് പൊലിസ് സംഘം മുറ്റത്ത് കയറിയത്. പൊലീസിനെ കണ്ട ഷബീർ മുറിക്കക ത്ത് കയറി വാതില്‍ അടച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സമർഥമായി പിടികൂടുകയായിരുന്നു.

അന്ന് വീടിൻ്റെ മുറികളില്‍ നടത്തിയ പരിശോധനയില്‍ 2.2 ഗ്രാം എംഡിഎംഎയും 2500 പാക്കറ്റുകളും കണ്ടെത്തിയിരുന്നു. ലഹരി മരുന്നുകള്‍ കത്തിച്ചു ഉപയോഗിക്കുന്നതിനുള്ള ബർണറുകളും പിടിച്ചെടുത്തു. അതിനിടെയാണ് ഷബീർ പൊലീസിനെ വെട്ടിച്ചു മതില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. തിരച്ചിലിനൊടുവില്‍ ഇയാളെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു പിടികൂടി.

മതില്‍ ചാട്ടത്തിനിടെയുണ്ടായ വീഴ്ച്ചയില്‍ തുടയെല്ലിന് പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കേസില്‍ ജയിലില്‍ നിന്നിറങ്ങിയതിനു ശേഷമാണ് ഇയാള്‍ വീണ്ടും മയക്കുമരുന്ന് വില്‍പ്പന വീടു കേന്ദ്രീകരിച്ചു തന്നെ സജീവമാക്കിയത്. പറശ്ശിനിക്കടവ് പീഡന കേസിലെ പ്രതി കൂടിയായ ഷബീർ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. തൃക്കാക്കരയില്‍ നിന്ന് എംഡിഎംഎയുമായി പിടികൂടിയതിന് നേരത്തെ ഇയാള്‍ എറണാകുളത്തും ജയിലില്‍ കിടന്നിട്ടുണ്ട്.