Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...

ഓണത്തോടനുബന്ധിച്ച് മലബാറിന് പ്രത്യേക തീവണ്ടി സർവീസില്ല: യാത്രക്കാർ ദുരിതത്തിൽ

കണ്ണൂർ : ഓണം കൂടാൻ മറുനാടൻ മലയാളികൾക്ക് അഞ്ച് പ്രത്യേക തീവണ്ടി ഒരുക്കിയിട്ടുണ്ടെങ്കിലും ഒന്നുപോലും മലബാറിനില്ല. ചെന്നൈ, ബെംഗളൂരു റൂട്ടിലേക്ക് അനുവദിച്ചവ കൊല്ലം, തിരുവനന്തപുരം ഭാഗത്തുള്ളവർക്ക് ഉപകാരമാകുമെങ്കിലും മലബാറിലേക്ക് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരു നഗരത്തിലേക്ക് മലബാറുകാർ ഇനി ഓൺലൈനിൽ തിരയേണ്ട. ഇപ്പോഴുള്ള യശ്വന്ത്പുർ-കണ്ണൂർ വണ്ടിയിൽ രണ്ടാം തീയതി സ്ലീപ്പർ വെയിറ്റിങ് 169 ആണ്. മൂന്ന്, നാല്, അഞ്ച് തീയതികളിൽ ടിക്കറ്റില്ല. ഇനി ആശ്രയം ഫ്ളക്സ‌ി നിരക്കിലുള്ള പ്രീമിയം തത്കാൽ മാത്രം. ബസിലും കഴുത്തറുപ്പൻ നിരക്കാണ്.

കണ്ണൂർ-ബെംഗളൂരു തീവണ്ടി സ്ലീപ്പർ ടിക്കറ്റിന് 375 രൂപയാണ്. സ്വകാര്യ ബസിന് 850-1500 വരെയും കെഎസ്‌ആർടിസി ബസിന് 650-700 രൂപയും കർണാടക എസി ബസിന് 1040 രൂപയും ആകും.

ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള വണ്ടികളിൽ 76 മുതൽ 167 വരെയാണ് സ്ലീപ്പർ വെയിറ്റിങ് നില. മുംബൈയിൽനിന്നുള്ള നേത്രാവതി എക്സ‌്പ്രസിൽ കേരളത്തിലേക്ക് രണ്ടിനും മൂന്നിനും ടിക്കറ്റില്ല. മംഗള എക്സ്പ്രസിലും ടിക്കറ്റില്ല.

കേരളത്തിൽ ഓടുന്ന മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് രണ്ടുമുതൽ ഏഴുവരെ സ്ലീപ്പർ വെയിറ്റിങ് ലിസ്റ്റ് 118 കടന്നു. തിരുവനന്തപുരം എക്സ്പ്രസിൽ (16347) 180-ഉം മലബാർ എക്‌സ്പ്രസിൽ 172-ഉം ആണ് സ്ലീപ്പർ വെയ്റ്റിങ്. നിലവിൽ കേരളത്തിൽ ഓടുന്ന രണ്ടു പ്രത്യേക വണ്ടികൾ ഓണംനാളിൽ സഹായിക്കും.

മംഗളൂരു ജങ്ഷൻ -തിരുവനന്തപുരം നോർത്ത് സെപ്റ്റംബർ നാല്, ആറ് തീയതികളിൽ പുറപ്പെടും. തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ (06042) സെപ്റ്റംബർ അഞ്ച്, ഏഴ് തീയതികളാലാണ് പുറപ്പെടുക. മംഗളൂരു ജങ്ഷൻ-കൊല്ലം (06047-തിങ്കളാഴ്ച), കൊല്ലം-മംഗളൂരു ജങ്ഷൻ (06048-ചൊവ്വാഴ്ച) എന്നിവ ഓണം നാളിൽ കാര്യമായി ഗുണം ചെയ്യില്ല.

കെഎസ്ആർടിസി പ്രത്യേക സർവീസ് നാലെണ്ണം മാത്രം

കണ്ണൂർ : ആയിരക്കണക്കിന് കണ്ണൂർ സ്വദേശികളുള്ള ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് നാട്ടിലേക്ക് ഓണക്കാലത്ത് മതിയായ സർവീസ് നടത്താതെ കെഎസ്ആർടിസി. പ്രത്യേകമായി നടത്തുന്നത് നാല് സർവീസുകൾ മാത്രം.

രണ്ട്, മൂന്ന്, നാല് തീയതികളിൽ രാത്രി 10.15-ന് രാവിലെ 6.30-ന് പയ്യന്നൂരിലെത്തുന്ന സർവീസ് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് കണ്ണൂർവഴി നിശ്ചയിച്ചിട്ടുണ്ട്. മറ്റൊന്ന് ഏഴിന് രാത്രി ബെംഗളൂരുവിലേക്കുള്ള സർവീസാണ്. 41 സീറ്റുള്ള സ്വിഫ്റ്റ് ഡീലക്‌സ് ബസാണ് സർവീസ് പയ്യന്നൂരിൽ നിന്ന് 8.15-ന് തിരികെ നടത്തുക. നോൺ എസി ബസിന് ഒരു ടിക്കറ്റിന് 811 രൂപയാണ് ചാർജ്. ഏറെ മലയാളികളുള്ള മൈസൂരുവിൽനിന്ന് പ്രത്യേക സർവീസേയില്ല.

നിലവിൽ ബെംഗളൂരുവിലേക്ക് ദിവസേന രാത്രി ആറിനും എട്ടിനും കെഎസ്ആർടിസി സർവീസുണ്ട്. ആറിന് പയ്യന്നൂരിൽനിന്ന് ചെറുപുഴ വഴിയും എട്ടിന് കണ്ണൂരിൽ നിന്നുമാണ് യാത്ര തുടങ്ങുന്നത്. രാവിലെ എട്ടിന് മൈസൂരുവിലേക്കും തിരികെ മൈസൂരുവിൽ നിന്ന് രാവിലെ 8.30-ന് കണ്ണൂരിലേക്കും സർവീസുണ്ട്. സാധാരണ ദിവസങ്ങളിൽ പോലും ഏറെ യാത്രക്കാരുള്ളതിനാലാണ് ദിവസേന സർവീസ് നടത്തുന്നത്. ഇതുകൂടാതെ സ്വകാര്യ ബസുകളും ഓടുന്നു. ഓണം, വിഷു തുടങ്ങിയ ആഘോഷക്കാലത്ത് നാട്ടിലേക്കുളള യാത്രക്കാരുടെ വരവ് പതിന്മടങ്ങാകും.

ഗുണം സ്വകാര്യമേഖലയ്ക്ക് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കെഎസ്ആർടിസി മതിയായ സർവീസ് നടത്തുന്നില്ലെന്ന പരാതി ശക്തമാണ്. ഉത്സവാഘോഷകാലം കെഎസ്ആർടിസി പരിഗണിക്കാത്തത് സ്വകാര്യബസ് മേഖലയെ സഹായിക്കാനാണെന്നാണ് ആക്ഷേപം.

ഓണക്കാലത്ത് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി. അന്നുതന്നെ ടിക്കറ്റ് മുഴുവനും തീർന്നു. ടിക്കറ്റ് കിട്ടാത്തവർക്ക് സ്വകാര്യബസുകളെ ആശ്രയിക്കുകയേ മാർഗമുള്ളു.

അധികസർവീസിന് ആവശ്യപ്പെട്ടു ബെംഗളൂരുവിലേക്ക് കണ്ണൂർ ഡിപ്പോയിൽനിന്ന് അധിക സർവീസിന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല. എറണാകുളത്തേക്കും കോട്ടയത്തേക്കും അധിക സർവീസ് ആലോചിക്കുന്നുണ്ട്. നടക്കുമെന്ന് ഉറപ്പില്ല.

തലശ്ശേരി ഡിപ്പോയിൽനിന്ന് ബെംഗളൂരുവിലേക്ക് ദിവസവും രാത്രി ഒൻപതിനും 9.30-നും സർവീസുണ്ട്. എന്നാൽ ഓണം പ്രമാണിച്ച് പ്രത്യേക സർവീസില്ല.

Ad 1
Ad 2
Ad 3