LATEST NEWS
Loading latest news...

10വയസുകാരിയെ ഉറക്കത്തിനിടെ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശിക്ഷ നാളെ; കണ്ണില്ലാ ക്രൂരതയ്ക്ക് ശിക്ഷ നാളെ


കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൊസ്‌ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി കണ്ടെത്തി. കുടക് നാപ്പോക്കിലെ പി.എ.സലീം (40), കുട്ടിയിൽ നിന്ന് കവർന്ന കമ്മൽ വില്പന നടത്താൻ സഹായിച്ച ഇയാളുടെ സഹോദരി സുഹൈബ (21) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2024 മേയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം.

കഴിഞ്ഞ ജനുവരിയിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. കണ്ണൂർ സ്പെഷ്യൽ ജയിലിൽ കഴിയുന്ന പ്രതി സലീമിനെ രാവിലെ കോടതിയിൽ എത്തിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ സുഹൈബയും കോടതിയിലെത്തി. കോടതി തീരുമാനം അറിഞ്ഞ സുഹൈബ പൊട്ടിക്കരഞ്ഞു. പോക്സോ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ആണ് സലീമിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതി അറസ്റ്റിലായതിൻ്റെ 39-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ അന്നത്തെ ഹൊസ്‌ദുർഗ് ഇൻസ്പെക്ടർ എം.പി.ആസാദാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 67 സാക്ഷികൾ

അറുപത്തിയേഴ് സാക്ഷികളാണ് കേസിലുള്ളത്. രക്തസാമ്പിൾ, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, പീഡനം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ തലമുടി, 20,50 രൂപ നോട്ടുകൾ, സി.സി ടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയൽ തുടങ്ങി 40ലധികം വസ്തുക്കൾ, കുട്ടി ഹൊസ്‌ദുർഗ് മജിസ്ട്രേറ്റിന് നൽകിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാൻ തുടങ്ങി 15ലധികം രേഖകൾ എന്നിവ 300 പേജുകളടങ്ങിയ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു.

സലീമിനെതിരെ ചുമത്തിയത്

പോക്സോ വകുപ്പ്

വീട്ടിൽ അതിക്രമിച്ച് കയറി

പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ

ഭീഷണിപ്പെടുത്തി സ്വർണക്കമ്മൽ ഊരിയെടുത്തു

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

ഒന്നരമണിക്കൂറിലധികം കുട്ടിയെ രക്ഷപ്പെടാനനുവദിക്കാതെ തടഞ്ഞുവച്ചു

നാട് വിറങ്ങലിച്ച ദിനം

2024 മേയ് 15നായിരുന്നു കേസിനാസ്പദമായ  സംഭവം. പെൺകുട്ടി മുത്തച്ഛനൊപ്പമായിരുന്നു അന്ന് ഉറങ്ങിയിരുന്നത്. അടുത്ത മുറിയിൽ മാതാപിതാക്കളും ഉറങ്ങുന്നുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് കൊണ്ടുപോയ സലീം അരക്കിലോമീറ്റർ അകലെയുള്ള വയലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡനത്തിന് ശേഷം ഭീഷണിപ്പെടുത്തി കമ്മൽ ഊരിയെടുത്ത് കുട്ടിയെ വയലിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു.

പുലർച്ചെ പേടിച്ച് വിറച്ച പെൺകുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തിയാണ് സംഭവം പറഞ്ഞത്. കുട്ടിയുടെ സ്വർണക്കമ്മൽ വിറ്റുകിട്ടിയ പണവുമായി മഹാരാഷ്ട്രയിലും ബംഗളൂരുവിലും കറങ്ങി ഒടുവിൽ ആന്ധ്രാപ്രദേശിലെത്തിയ സലീമിനെ സംഭവം നടന്ന് ഒൻപതാം നാളിലാണ് പ്രത്യേക അന്വേഷണസംഘം പൊക്കിയത്. കമ്മൽ സുഹൈബയുടെ സഹായത്തോടെ ഇവർ താമസിക്കുന്ന കൂത്തുപറമ്പിലെ ജുവല്ലറിയിൽ വില്പന നടത്തി.


Ad 1
Ad 2
Ad 3