● കണ്ണൂർ : കളവു കേസില്‍ പ്രതിയായ ഭര്‍ത്താവിനെ ജയിലില്‍ നിന്നും ജാമ്യത്തിലിറക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അറസ്റ്റിലായത്. പയ്യാവൂര്‍ വാതില്‍മടത്തെ പി. പ്രശാന്ത് (39), ഉളിക്കല്‍ അറബിയിലെ ടി.എസ്. നിതിന്‍ കുമാര്‍ എന്നിവരെയാണ് പേരാവൂര്‍ ഡിവൈഎസ്പി എന്‍.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2018ലായിരുന്നു യുവതിയെ പ്രതികള്‍ ആദ്യം പീഡിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം യുവതി മറ്റൊരു വിവാഹം കഴിച്ച് ജീവിക്കവെ പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കണ്ണൂര്‍, ഗുണ്ടല്‍പേട്ട്, കോഴിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിലും ലോഡ്ജുകളിലും കൊണ്ടുപോയാണ് 2018ല്‍ പ്രതികല്‍ യുവതിയെ പീഡിപ്പിച്ചത്.
ചെറുപുഴ സ്വദേശിയായ പരാതിക്കാരി നേരത്തെ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നു. തുടര്‍ന്ന് പൊലീസ് പിടികൂടി ധ്യാനകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ച് യുവതി അവിടെയെത്തിയ കളവ് കേസ് പ്രതിയുമായി ഇഷ്ടത്തിലാകുകയും ഇയാളെ വിവാഹം കഴിക്കുകയുമായിരുന്നു. ഇയാള്‍ പിന്നീട് ജയിലിലായി. ഇയാള്‍ക്കൊപ്പം ജയിലുണ്ടായിരുന്ന പ്രശാന്തും നിതിനും പുറത്തിറങ്ങിയപ്പോള്‍ യുവതിക്ക് ഭര്‍ത്താവിനെ ജയിലില്‍ നിന്നും ഇറക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു.
പിന്നീട് യുവതി വേറൊരാളെ വിവാഹം കഴിച്ച് മറ്റൊരിടത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ആദ്യം പീഡിപ്പിച്ച പ്രതികള്‍ വീണ്ടും യുവതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഇവര്‍ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍, ഡിവൈഎസ്പി സ്‌ക്വാഡിലെ എസ്‌ഐമാരായ രമേശന്‍, ശിവദാസന്‍, എഎസ്‌ഐ ജി. സജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയദേവന്‍, രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Social Plugin