● കണ്ണൂർ: കാംപസുകള്‍ വിട്ട് റാഗിങ് തീവണ്ടിയില്‍. മംഗളൂരു-കണ്ണൂർ പാസഞ്ചറിലാണ് (56718) റാഗിങ്ങും മർദനവും രൂക്ഷമായത്. 'റാഗിങ് തീവണ്ടി' എന്ന് ഇതിന് വിളിപ്പേര് തന്നെ വന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സ്വദേശിയായ മഞ്ചേശ്വരം ഗവ. കോളേജിലെ അധ്യാപകനെയും വിദ്യാർഥികള്‍ ആക്രമിച്ചു. റാഗിങ് നടത്തിയ വിദ്യാർഥികള്‍ കോച്ചിലുണ്ടായിരുന്ന അധ്യാപകനുനേരേ തിരിയുകയായിരുന്നു. മുഖത്ത് പരിക്കേറ്റ അധ്യാപകൻ ചികിത്സ തേടി. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു. കാസർകോട് എസ്പിയുടെ നിർദേശപ്രകാരം വണ്ടിയില്‍ രണ്ടു പോലീസുകാരെ അധിക സുരക്ഷയ്ക്കായി നിയോഗിച്ചു.
മംഗളൂരുവില്‍ പഠിക്കുന്ന ജൂനിയർ വിദ്യാർഥികള്‍ക്ക് പാസഞ്ചർ വണ്ടി പേടി സ്വപ്നമായിരിക്കയാണ്. സീനിയർ വിദ്യാർഥികളാണ് തീവണ്ടിയില്‍ ക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കുന്നത്. വൈകീട്ടുള്ള മംഗളൂരു-കണ്ണൂർ പാസഞ്ചറിലും രാവിലെയുള്ള ചെറുവത്തൂർ-മംഗളൂരു പാസഞ്ചറിലുമാണ് റാഗിങ്. ജൂനിയർ വിദ്യാർഥികള്‍ ഭയന്ന് പരാതിപ്പെടുന്നില്ല. പലരും യാത്ര ബസിലാക്കി. റാഗിങ്ങിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഷെയർ ചെയ്യുന്നതായും പരാതി ഉയർന്നിരുന്നു.
സിഗരറ്റ് വലിപ്പിക്കലും മറ്റും ചെയ്യുമ്പോള്‍ പ്രതികരിക്കുന്ന യാത്രക്കാർക്കെതിരേ ഇവർ കൂട്ടത്തോടെ തിരിയും. വാതിലിനരികെയും സീറ്റിലും കൂട്ടംകൂടിനിന്നാണ് റാഗ് ചെയ്യുന്നത്. റെയില്‍വെ സംരക്ഷണസേനയും റെയില്‍വേ പോലീസും സീനിയർ വിദ്യാർഥികളെ പലതവണ താക്കീത് ചെയ്തിരുന്നു. 2014 ജൂലായില്‍ നാലു വിദ്യാർഥികള്‍ക്ക് ബ്ലേഡ് കൊണ്ട് മുറിവേറ്റതിനെതുടർന്ന് അന്നത്തെ കാസർകോട് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിർദേശ പ്രകാരം 14 പോലീസുകാരെ പാസഞ്ചർ വണ്ടികളില്‍ സുരക്ഷയ്ക്കായി നിയമിച്ചിരുന്നു.
കർശന നടപടി- റെയില്‍വേ പോലീസ്
അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ മംഗളൂരു കോളേജിലെ നാല് പിജി വിദ്യാർഥികളെ തിരിച്ചറിഞ്ഞതായി കാസർകോട് റെയില്‍വേ എസ്‌ഐ എം.വി. പ്രകാശൻ പറഞ്ഞു. കേസില്‍ കർശന നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Social Plugin