● മയ്യിൽ: കുളിക്കടവിൽ 28 വർഷം മുമ്പ് നഷ്ടപ്പെട്ട കല്ല്യാണ മോതിരം തിരിച്ചു കിട്ടി. മുല്ലക്കൊടിയിലെ ഒ.വി വാസന്തിയുടെ കയ്യിൽ നിന്ന് നഷ്പ്പെട്ട മോതിരമാണ് തിരിച്ചു കിട്ടിയത്. മുല്ലക്കൊടിയിലെ അരിമ്പ്രമൂല താഴെ ഉറവ് കുണ്ട് ചാലിൽ കുളിക്കുന്നതിനിടെ കുട്ടികൾക്കാണ് മോതിരം ലഭിച്ചത്. ചെളി പുരണ്ട നിലയിൽ ലഭിച്ച മോതിരം കഴുകിയപ്പോൾ സ്വർണ നിറം കണ്ടു.
ഏതോ പേരിൻ്റെ അക്ഷരങ്ങളും മങ്ങിയ രീതിയിൽ ഉണ്ടായിരുന്നു. തുടർന്ന് മുല്ലക്കൊടി പടിഞ്ഞാറ് എ.കെ.ജി വായനശാലയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മുല്ലക്കൊടി-മയ്യിൽ- കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ഓംപ്രകാശ് ബസ് കണ്ടക്ടറായിരുന്ന പുതിയതെരുവിലെ കെ. അശോകന്റെ പേരാണ് മോതിരത്തിലെന്ന്തെളിഞ്ഞു.
തുടർന്ന് വായനശാലാ പ്രവർത്തകർ 28വർഷം മുമ്പ് താഴെ ഉറവ ചാലിലെ കുളിക്കടവിൽ വെച്ച് ഒ.വി വാസന്തിയുടെ മോതിരം നഷ്ടപ്പെട്ട സംഭവം ഓർത്തെടുക്കുകയും ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു. വാസന്തിയുടെ ഭർത്താവ് 15 വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീനന്ദ്, എൻ.കെ.ഋതുനന്ദ്എന്നിവരും തോട്ടട ടെക്നിക്കൽ ഹൈസ്കൂളിലെകെ. ഋതുനന്ദ്, കെ.വി ഷാരോൺ എന്നിവർക്കാണ് കുളിക്കുന്നതിനിടെ മോതിരം കിട്ടിയത്. തുടർന്ന് വായനശാലാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ മോതിരം കൈമാറി. മുല്ലക്കൊടി പടിഞ്ഞാറ് യൂണിറ്റ് ബാലസംഘം പ്രവർത്തകരായ വിദ്യാർഥികളെ എ.കെ.ജി വായനശാല പ്രവർത്തകരായ എം.കെ. സുമേഷ്, ഒ.പി. സുശീലൻ, കെ.പ്രേമരാജൻ, എൻ.കെ. അശോകൻ എന്നിവർ ചേർന്ന് അനുമോദിച്ചു.
Social Plugin