● കണ്ണൂർ : ഓണവിപണി കീഴടക്കാൻ ഒരുങ്ങി കുടുംബശ്രീ ഹോം ഷോപ്പുകൾ. കറി പൗഡറുകൾ, അച്ചാറുകൾ, ജാം, ബ്രെഡ്, വെളിച്ചെണ്ണ, ചെറുധാന്യ പൊടികൾ, പുട്ട് പൊടി, പത്തിരി പൊടി, ടോയ്ലറ്ററികൾ, വസ്ത്ര വൈവിധ്യങ്ങൾ,ഐ .എഫ്. സി ഉത്പന്നങ്ങൾ,ജെ.എൽ.ജി തലത്തിൽ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികൾ, തണ്ണിമത്തൻ, കുത്തരി, ജൈവ വളം, കൂടാതെ വീട്ടിൽ നിന്നും മറ്റു സംരംഭങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന സോപ്പ്, ഡിഷ് വാഷ്, പേസ്റ്റ് തുടങ്ങിയവയാണ് കുടുംബശ്രീ ബ്രാൻഡിൽ എത്തുന്നത്.
ഏറ്റവും കുറഞ്ഞ വിലയിൽ വിഷ രഹിതമായ പച്ചകറികളും ഭക്ഷ്യ ഉത്പന്നങ്ങളും തുടങ്ങി ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ചെറു ധാന്യങ്ങളും ഹോം ഷോപ്പുകളുടെ പ്രത്യേകതയാണ്. ഓണം പ്രമാണിച്ച് സി.ഡി.എസുകളിൽ കൃഷി ചെയ്യുന്ന ചെണ്ടുമല്ലി പൂക്കളും ഹോം ഷോപ്പ് വഴി വാങ്ങാൻ സാധിക്കും. കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളിൽ നിന്നും നിർമ്മിക്കുന്ന പായസക്കൂട്ടും ഇത്തവണ ഓണം സ്പെഷ്യൽ ഐറ്റമായ് ഹോം ഷോപ്പുകളിൽ നിന്നും ലഭിക്കും.
ഹോംഷോപ്പുകൾ നേട്ടത്തിലെത്തും
നിലവിൽ മാസം 15 ലക്ഷം രൂപയാണ് ആകെ ഹോം ഷോപ്പുകളിൽ നിന്നുമുള്ള വരുമാനം. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനമൊട്ടാകെയായി 18.66 കോടി രൂപയാണ് ഹോം ഷോപ്പ് സംവിധാനം വഴിയുള വിറ്റുവരവ്. 2010 മുതൽ പ്രവർത്തനമാരംഭിച്ച ഹോം ഷോപ്പുകൾ ഇന്ന് ജില്ലയിലെ 81സി ഡി.എസുകളിലുമായി 300 വനിതാ സംരംഭകർക്കാണ് സ്ഥിരവരുമാനമാർഗമായിരിക്കുന്നത്. ചുരുങ്ങിയത് ഒരു മാസം 25,000 രൂപ വരുമാനം നേടിയെടുക്കാൻ ഓരോ ഹോം ഷോപ്പ് ഉടമകൾക്കും സാധിക്കുന്നുണ്ട്.
കൂടുതൽ സി.ഡി.എസുകളിലേക്ക്
ഹോം ഷോപ്പുകൾ ഇല്ലാത്ത സി.ഡി.എസുകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിലുമായി 1200 ഓളം ഹോം ഷോപ്പ് ഓണർമാരെ നിയമിക്കുക വഴി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് മികച്ച സ്ഥിര വരുമാനമാണ് ഉറപ്പാക്കുന്നത്.
ഹോം ഷോപ്പ് ഓണർമാരാകാൻ
കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാം -ഫോൺ: 9447852530.
Social Plugin