BREAKING NEWS

6/recent/ticker-posts

'ഒരേയൊരു മോള്‍, ഉപ്പുതൊട്ട് കര്‍പ്പൂരംവരെ എത്തിച്ചുകൊടുത്തു; സ്വര്‍ണം വിവാഹപ്പിറ്റേന്ന് ഭര്‍തൃമാതാവ് വാങ്ങി'


തൃശ്ശൂർ: ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്റെ വയറിനു കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്. അല്ലെങ്കില്‍ ഇവർ എന്നെ കൊല്ലും. മരിക്കുന്നതിന് തൊട്ടുമുൻപ് ഫസീല മാതാവ് സെക്കീനയ്ക്ക് വാട്സാപ്പില്‍ അയച്ച അവസാന സന്ദേശത്തില്‍, ഭർതൃവീട്ടില്‍ ആ ഇരുപത്തിമൂന്നുകാരി അനുഭവിച്ച പീഡനങ്ങളുടെ ആഴമുണ്ട്.

ചൊവ്വാഴ്ച രാവിലെ 6.49-ന് അയച്ച ഈ സന്ദേശങ്ങള്‍ കാണാൻ അരമണിക്കൂർ വൈകിപ്പോയെന്ന് പറയുമ്പോള്‍ പിതാവ് അബ്ദുള്‍റഷീദിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ''ഒരേയൊരു മോളാണ്. അവള്‍ക്കുവേണ്ടിയാണ് ഞാൻ ജീവിച്ചതുതന്നെ. ഇങ്ങോട്ട് പോരാമായിരുന്നു അവള്‍ക്ക്. സന്ദേശങ്ങള്‍ കണ്ട് നൗഫലിന്റെ വീട്ടില്‍ ഓടിയെത്തുമ്പോഴേക്കും ഫസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആരുടെയോ കൈയില്‍ ഒന്നുമറിയാതെ ഉറങ്ങുന്ന കൊച്ചുമോനെയും വാരിയെടുത്ത് ആശുപത്രിയില്‍ എത്തിയപ്പോള്‍ മകള്‍ പോയെന്ന് ഡോക്ടർ വിളിച്ചുപറഞ്ഞു. അവളുടെ മുഖമൊന്നു കാണാൻ പോലുമുള്ള മനോധൈര്യം എനിക്കുണ്ടായില്ല''.- കരച്ചിലമർത്തി അബ്ദുള്‍റഷീദ് പറഞ്ഞു. പത്തുമാസം പ്രായമായ കൊച്ചുമകൻ മുഹമ്മദ് സെയാനെ മാറോടു ചേർത്തുപിടിച്ച്‌ മരവിച്ചിരിപ്പാണ് മാതാവ് സെക്കീന.

ഉത്സവപ്പറമ്പില്‍ മധുരപലഹാരങ്ങള്‍ വിറ്റു സ്വരുക്കൂട്ടിയ പണം പോരാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന അഞ്ചുസെന്റും കൊച്ചുവീടും വിറ്റാണ് മകളെ വിവാഹം ചെയ്തയച്ചത്. വിവാഹപ്പിറ്റേന്ന് ഭർതൃമാതാവ് വാങ്ങി സൂക്ഷിച്ച സ്വർണം പിന്നെ വീട്ടുകാർ കണ്ടിട്ടില്ല.

വിവാഹത്തിനുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റായിരുന്നു ഫസീല. എന്നാല്‍, പിന്നീട് നൗഫല്‍ ജോലിക്ക് പോകാൻ അനുവദിച്ചില്ല. ഒറ്റയ്ക്ക് സ്വന്തം വീട്ടില്‍ വരാൻപോലും പറ്റിയിരുന്നില്ല. മകള്‍ക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതെന്ന് കരുതി ഒരു ചാക്ക് അരി, 20 കിലോ പഞ്ചസാര എന്നിങ്ങനെ ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള സാധനങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ അബ്ദുള്‍റഷീദ് നൗഫലിന്റെ വീട്ടില്‍ എത്തിച്ചിരുന്നു.

സഹോദരന്റെ വീട്ടില്‍ ആയിരുന്ന നൗഫലും കുടുംബവും കഴിഞ്ഞ മാസമാണ് തറവാട്ടുവീട്ടിലേക്ക് മടങ്ങിയത്. അന്ന് വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ഇലക്‌ട്രോണിക് സാധനങ്ങളുമടക്കം വാങ്ങിനല്‍കി. ''ഞാൻ പണക്കാരനായതു കൊണ്ടല്ല, ലക്ഷങ്ങള്‍ കടമുണ്ട്. വാടകവീട്ടിലാണ് താമസം. എന്നാലും മോളുടെ കണ്ണുനിറയരുത് എന്നായിരുന്നു ആഗ്രഹം''- വാക്കുകള്‍ മുഴുമിക്കാനാകാതെ ആ പിതാവ് വിങ്ങിപ്പൊട്ടി.

ഭർത്താവും ഭർതൃമാതാവും റിമാൻഡില്‍

തൃശ്ശൂർ: ഗാർഹികപീഡനത്തെക്കുറിച്ച്‌ വാട്സാപ്പ് സന്ദേശത്തിലൂടെ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ ഗർഭിണിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവും മാതാവും അറസ്റ്റില്‍. കൊടുങ്ങല്ലൂർ കോതപറമ്പിൽ താമസിക്കുന്ന പതിയാശ്ശേരി കാട്ടുപറമ്പില്‍ അബ്ദുള്‍റഷീദിന്റെയും സെക്കീനയുടെയും മകള്‍ ഫസീല(23)യാണ് മരിച്ചത്.

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഭർത്താവ് കരൂപ്പടന്ന നെടുങ്ങാണത്തുകുന്നില്‍ വലിയകത്ത് നൗഫലി(30)നെയും മാതാവ് റംല(58)യെയും ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായ തന്നെ നൗഫലും റംലയും ക്രൂരമായി ഉപദ്രവിച്ചതായുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ ഫസീല ചൊവ്വാഴ്ച രാവിലെ 6.49-ന് മാതാവിന്റെ ഫോണിലേക്കയച്ചിരുന്നു.

സന്ദേശങ്ങള്‍ കണ്ട് മാതാപിതാക്കള്‍ തിരക്കിട്ടെത്തിയപ്പോള്‍ തലകറങ്ങിവീണ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന വിവരമാണ് നൗഫലിന്റെ വീട്ടുകാർ നല്‍കിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് മകള്‍ മരിച്ച വിവരം അബ്ദുള്‍റഷീദും സെക്കീനയും അറിഞ്ഞത്. കാർഡ്ബോർഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. പത്തുമാസം പ്രായമുള്ള മുഹമ്മദ് സെയാൻ മകനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം ശ്രീനാരായണപുരം പതിയാശ്ശേരി ജുമാമസ്ജിദില്‍ കബറടക്കി.