പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ ഒരാഴ്ച മുൻപ് മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴികളടച്ച ഇടങ്ങളിലും തകർച്ച തുടങ്ങി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ കെഎസ്ടിപി റോഡ് വഴിയാണ് ദീർഘദൂര ചരക്കുവാഹനമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. അമിതവേഗത്തിലാണ് ഭൂരിഭാഗം വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത്. കുഴികൾ പെട്ടെന്നു ശ്രദ്ധയിൽപെടാതെയാണ് അപകടങ്ങൾക്കിടയാക്കുന്നത്.
പലയിടങ്ങളിലും റോഡിൻ്റെ നടുക്ക് മീറ്ററുകളോളം വിള്ളൽ വന്നു തകർന്നാണു കുഴികൾ രൂപപ്പെട്ടത്. പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെയുള്ള 21 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ടാറിങ് നടത്താൻ നേരത്തേ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഇനി മഴ മാറാതെ ടാറിങ് നടത്താനാകില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കുഴികൾ കാരണം രാത്രിയിൽ ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്. അപകടങ്ങൾ വർധിക്കുന്നതിനാൽ ഉടൻ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Social Plugin