● കണ്ണൂർ : ജില്ലയില്‍ പനി കേസുകള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ കുറവാണ് റിപ്പോർട്ട് ചെയ്തതെന്ന് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ വിലയിരുത്താനായി ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ചേർന്ന അടിയന്തര അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ പനി ക്ലിനിക്കുകള്‍ പൂർണ സജ്ജമാണ്. കഴിഞ്ഞ വർഷം ജൂണില്‍ 15,997 പനി കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാല്‍, ഈ വർഷം ജൂണില്‍ 13,839 കേസുകള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 2155 (13%) കേസുകളുടെ കുറവവുണ്ട്. ജൂലൈ മാസത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5842 കേസുകളുടെ കുറവാണ് (27%) റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള പനി ക്ലിനിക്കുകള്‍ വർധിപ്പിക്കേണ്ട സാഹചര്യമില്ല എന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ വർഷം ജൂലൈ മാസത്തില്‍ 1053 ഡെങ്കി കേസുകള്‍ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ജൂലൈയില്‍ 502 ആയി കുറക്കാൻ സാധിച്ചു. മലയോരമേഖലകളിലാണ് ഡെങ്കി കേസുകളില്‍ വർധനവ് കാണുന്നത്. കഴിഞ്ഞവർഷം ജൂണ്‍ മാസത്തില്‍ 938 ഡെങ്കി കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അത് 1531 ആയിരുന്നു. ജൂലൈ ആവുമ്പോഴേക്കും സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങള്‍ വഴി രോഗ പകർച്ചയുടെ തോത് നിലവില്‍ കുറച്ചു വരാൻ വേണ്ടി സാധിച്ചിട്ടുണ്ട്. എലിപ്പനിക്കെതിരെ വ്യാപകമായ പ്രചരണ പ്രവർത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന പൊതുജനങ്ങള്‍ മണ്ണിലോ ചളിയിലോ ആയി ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ഡോക്ടറോട് തുറന്നു പറയാൻ തയ്യാറാകണം. അടുക്കളയില്‍ എലികളുടെ സാന്നിധ്യമുള്ളതും പട്ടികളെയും പശുക്കളെയും പരിചരിക്കുന്നവരും പനി ഉണ്ടായാല്‍ അക്കാര്യം ഡോക്ടറോട് പറയേണ്ടതാണ്. ജില്ലയില്‍ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിനായി ഓണാഘോഷത്തിനു മുമ്പായി ആഗസ്റ്റ് 22 മുതല്‍ 30 വരെ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണ വിതരണശാലകളിലും പാനീയങ്ങള്‍ വില്‍ക്കുന്ന കടകളിലും വ്യാപക പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേർന്ന യോഗത്തില്‍ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ സി സച്ചിൻ, വിവിധ പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
Social Plugin