Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

പാൽചുരം -ബോയ്‌സ് ടൗൺ ചുരം റോഡ് വീണ്ടും തകർന്നു


കൊട്ടിയൂർ: അറ്റകുറ്റപ്പണികൾ നടത്തി ഒരു വർഷം തികയും മുമ്പേ പാൽചുരം- ബോയ്സ് ടൗൺ ചുരം റോഡ് വീണ്ടും തകർന്നു. വയനാട്ടിലേക്കുള്ള ചുരംപാതയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.

ചുരത്തിലെ ഹെയർപിൻ വളവുകളിൽ ഇന്റർലോക്ക് പാകിയതിനോട് ചേർന്നുള്ള ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു. രണ്ടാമത്തെയും നാലാമത്തെയും ഹെയർപിൻ വളവുകളവിലാണ് കൂടുതലായി തകർന്നത്. ഈ ഭാഗങ്ങളിൽ റോഡിലെ ടാറിംഗ് ഉൾപ്പെടെ തകർന്ന സ്ഥിതിയാണ്. വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്ന ആശ്രമം ജംഗ്ഷനു സമീപവും റോഡ് സമാനമായ രീതിയിൽ തകർന്നു. വീതികുറഞ്ഞതും കയറ്റ മുള്ളതുമായ റോഡിൽ വാഹനങ്ങൾ സൈഡ് നൽകുമ്പോൾ റോഡരികിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. കോടമഞ്ഞുള്ള സ്ഥലമായതിനാൽ റോഡരികിലെ കുഴികൾ വാഹനയാത്രക്കാർക്ക് പെട്ടെന്ന് കാണാൻ സാധിക്കില്ല.

കഴിഞ്ഞമാസം ചെകുത്താൻ തോടിന് സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ ഓടകൾ ഇതുവരെയും വൃത്തിയാക്കിയിട്ടില്ല. മണ്ണും പാറക്കല്ലുകളും വീണ് ഓട അടഞ്ഞു കിടക്കുന്നതിനാൽ മഴവെള്ളം കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. മഴവെള്ളം ഒഴുകി ഇന്റർലോക്ക് ഇളകിയിട്ടുമുണ്ട്. ഇരുമ്പുവേലിയും തകർന്നു. ചെകുത്താൻ തോടിന് സമീപം ഒരു വശം കൊക്കയുള്ളതും വീതി കുറഞ്ഞതുമായ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് സുരക്ഷാവേലിയും തകർന്നു. ഇക്കഴിഞ്ഞ ജൂണിൽ പുനർനിർമിച്ച സുരക്ഷാവേലിയാണ് തകർന്നത്. കോൺക്രീറ്റ് സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്നാണ് ഈ ഭാഗത്ത് ഇരുമ്പു പൈപ്പ് കൊണ്ട് സുരക്ഷാവേലി നിർമിച്ചത്.

ചെകുത്താൻ തോട് കഴിഞ്ഞ് വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. വളരെ ശ്രമകരമായാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. ഓരോ വർഷവും ലക്ഷങ്ങളാണ് ബോയ്‌സ് ടൗൺ-പാൽ ചുരം റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവാകുന്നത്. എന്നാൽ, പണി പൂർത്തിയാക്കി എട്ടോ ഒമ്പതോ മാസം പിന്നിടുമ്പോഴേക്കും റോഡ് വീണ്ടും തകരുകയാണ്.

ചുരം റോഡ് വീതികുട്ടി നവീകരിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 41,44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ ചെയ്യാനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ്. 2018, 2019, 2023 വർഷങ്ങളിൽ തകർന്ന ചുരം പാത പുനർനിർമിക്കാൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കണ്ണൂർ വയനാട് ജില്ലകളെയും, കേരള - കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൊട്ടിയൂർ -ബോയ്സ് ടൗൺ ചുരം പാത.

Related tags: Latest Kannur News,