● അമേഠി : ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്
സേബ്‌ജോള്‍, നസ്നീന്‍ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് അന്‍സര്‍ അഹമ്മദിനുള്ളത്. രണ്ട് ഭാര്യമാരിലും അഹമ്മദിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇത്തരത്തില്‍ രൂക്ഷമായ ഒരു വാക്കുതര്‍ക്കത്തിനിടെയാണ് അന്‍സറിനെ രണ്ടാംഭാര്യ നസ്‌നീന്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ അന്‍സറിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ജഗദീഷ്പുരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റി. നസ്നീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ജഗദീഷ്പുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാഘവേന്ദ്ര അറിയിച്ചു.
Related tags: Latest News
Social Plugin