● മുബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വീരോചിതം പോരാടിയ ഇന്ത്യയുടെ യുവതലമുറയ്ക്കുമുന്നിലുള്ള അടുത്ത വെല്ലുവിളി ട്വന്റി-20 ഏഷ്യാകപ്പ്. വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ചതിനുശേഷം നടക്കുന്ന പ്രധാന ടൂർണമെന്റാണെന്നതിനാല്‍ യുവനിരയുടെ കഴിവ് മാറ്റുരയ്ക്കപ്പെടും. ഇതിനൊപ്പംതന്നെ ടീമിന്റെ സെലക്ഷനും തലവേദനയാകും. 17 അംഗ ടീമിലേക്ക് ഇടംപിടിക്കാൻ യോഗ്യരായ കളിക്കാരുടെ സമ്പന്നതയാണ് സെലക്ടർമാർക്ക് പ്രതിസന്ധിസൃഷ്ടിക്കുക. യുഎഇയില്‍ സെപ്റ്റംബർ ഒൻപതിനാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. തൊട്ടടുത്തദിവസം യുഎഇയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ക്യാപ്റ്റൻ ആര്
സൂര്യകുമാർ യാദവാണ് ട്വന്റി-20 ഫോർമാറ്റില്‍ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. അടുത്തിടെ ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യകുമാറിന് കളിക്കാൻ കഴിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ സൂര്യകുമാർ പരിശീലനം ആരംഭിച്ചിട്ടുണ്ട്. സൂര്യകുമാറിന് കളിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പകരം ക്യാപ്റ്റനെ തേടേണ്ടിവരും. ഓള്‍റൗണ്ടർ അക്സർ പട്ടേലാണ് നിലവില്‍ വൈസ് ക്യാപ്റ്റൻ. മുൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്‍, ഐപിഎലില്‍ പഞ്ചാബ് കിങ്സിനെ ഫൈനലിലേക്ക് നയിച്ച ശ്രേയസ് അയ്യർ എന്നിങ്ങനെ സാധ്യതകള്‍ ടീം മാനേജ്മെന്റിന് മുന്നിലുണ്ട്
സഞ്ജുവിനു ഭീഷണി
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഓപ്പണ്‍ചെയ്തത്. അഭിഷേക് ശർമ നിലവില്‍ ട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാമതുള്ള താരമാണ്. പരമ്പരയില്‍ മികച്ചപ്രകടനം നടത്തിയതും അനുകൂലഘടകമാണ്. എന്നാല്‍, സഞ്ജുവിനുമുന്നില്‍ ഭീഷണിയുണ്ട്. ശുഭ്മൻ ഗില്‍, യശസ്വി ജയ്സ്വാള്‍, സായ് സുദർശൻ എന്നിവർ ഓപ്പണർറോളിലേക്കായി മത്സരിക്കുന്നുണ്ട്. ഗില്ലും ജയ്സ്വാളും സുദർശനും കഴിഞ്ഞ ഐപിഎലില്‍ മിന്നുന്നഫോമിലായിരുന്നു. സഞ്ജുവിന് പരിക്കുമൂലം കുറെയേറെ മത്സരങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ഗില്ലിനെ കൊണ്ടുവരാൻ പരിശീലകൻ ഗൗതം ഗംഭീറിന് താത്പര്യമുണ്ട്.
വിക്കറ്റ് കീപ്പറുടെ റോളിലേക്കാണെങ്കില്‍ ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍, ജിതേഷ് ശർമ, ഇഷാൻ കിഷൻ, പ്രഭ്സിമ്രാൻ സിങ് എന്നിവരും സഞ്ജുവിന് വെല്ലുവിളിയുയർത്തുന്നുണ്ട്.
അയ്യരുടെ റോള്‍
ടെസ്റ്റ് ടീമില്‍ ഇടംകിട്ടാത്ത ശ്രേയസ് അയ്യരെ പരിമിതഓവർ മത്സരങ്ങളുടെ ടീമിലേക്ക് പരിഗണിക്കേണ്ടിവരും. ഐപിഎലില്‍ പഞ്ചാബ് കിങ്സിനായി 604 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ട്വന്റി-20 ഫോർമാറ്റില്‍ എല്ലാ മത്സരങ്ങളിലുമായി 25 ഇന്നിങ്സുകളില്‍നിന്ന് 949 റണ്‍സ് അയ്യർ നേടിയിട്ടുണ്ട്. ഇക്കാര്യം സെലക്ടർമാർക്ക് തള്ളിക്കളയാനാകില്ല. തിലക് വർമയും സൂര്യകുമാർ യാദവുമാണ് മിഡില്‍ ഓർഡറില്‍ കളിക്കുന്ന ബാറ്റർമാർ. തിലക് വർമയോ ശ്രേയസ് അയ്യരോ എന്ന ചോദ്യത്തിനാകും സെലക്ടർമാർ ഉത്തരം നല്‍കേണ്ടത്.
ഓള്‍റൗണ്ടർ മികവ്
ഓള്‍റൗണ്ടർമാരുടെ സെലക്ഷനിലും ധാരാളിത്തത്തിന്റെ പ്രശ്നമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അക്സർ പട്ടേല്‍, ഹാർദിക് പാണ്ഡ്യ, നിധീഷ്കുമാർ റെഡ്ഡി, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദർ എന്നിവരായിരുന്നു ടീമിലെ ഓള്‍റൗണ്ടർമാർ. ഇതില്‍ വാഷിങ്ടണ്‍, അക്സർ, പാണ്ഡ്യ എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. നിധീഷിന് പരിക്ക് പ്രശ്നമായേക്കും.
ബുംറ കളിക്കുമോ
പേസർ ജസ്പ്രീത് ബുംറ ഏഷ്യാകപ്പില്‍ കളിക്കുമോയെന്നകാര്യം ഉറപ്പായിട്ടില്ല. ഇംഗ്ലണ്ടിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് സിറാജിന് ടീമില്‍ ഇടംകിട്ടും. ട്വന്റി-20 സ്പെഷ്യലിസ്റ്റ് പേസറായ അർഷ്ദീപും ടീമിലുണ്ടാകും. യുഎഇയിലെ സ്ലോ പിച്ചുകളില്‍ കൂടുതല്‍ സ്പിന്നർമാരെ ഉള്‍പ്പെടുത്താനാണ് സാധ്യത. വരുണ്‍ ചക്രവർത്തിക്കും രവി ബിഷ്ണോയിക്കും പുറമേ കുല്‍ദീപ് യാദവും ടീമിലുണ്ടാകും.
Social Plugin