BREAKING NEWS

6/recent/ticker-posts

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ തമിഴ്‌നാടിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാദീനഫലമായാണ് അതിതീവ്ര മഴ തുടരുന്നത്. മഴയ്ക്കെ‌ാപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
മലയോര മേഖലയിലും, തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ആഗസ്റ്റ് നാലുമുതൽ മുതൽ ഏഴ് വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 
അതേസമയം, മലപ്പുറം കരുവാരക്കുണ്ടിൽ അതിശക്തമായ മഴ തുടരുന്നു.

കരുവാരക്കുണ്ട് കൽക്കുണ്ടിൽ നിന്ന് ഉത്ഭവിക്കുന്ന ഒലിപ്പുഴ കരകവിഞ്ഞൊഴുകി. സമീപത്തുള്ള മാമ്പറ്റ പാലത്തിനു മുകളിലൂടെ മണ്ണും ചെളിയും വെള്ളവും കുത്തിയൊലിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.