● കോഴിക്കോട്: സിപിഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഞെട്ടുന്ന വാർത്ത അധികം താമസിക്കാതെ പുറത്തു വരുമെന്നും അതിനായി കാത്തിരിക്കാനും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 'എൻ്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും... വരുന്നുണ്ട്, നോക്കിക്കോ... അതിനു വലിയ താമസം വേണ്ട... ഞാൻ പറഞ്ഞത് വൈകാറില്ല.'വി.ഡി. സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാൻ കഴിയുമോ എന്നും വി.ഡി.സതീശൻ മറുപടി നൽകി.
ബിജെപിക്കും വി.ഡി. സതീശൻ മുന്നറിയിപ്പു നൽകി. കാളയുമായി ബിജെപി കൻാൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. ബിജെപി ഓഫിസിനു മുന്നിൽ കെട്ടിയിടണം. ആ കാളയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി ബിജെപിക്കാർക്ക് ഉടനെയുണ്ടാകും. അതിനായി കാത്തിരിക്കാനും വി.ഡി.സതീശൻ പറഞ്ഞു.
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിലെ കോൺഗ്രസ് അംഗം എസ്.ശ്രീജയുടെ ആത്മഹത്യയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും വി.ഡി.സതീശൻ ആരോപിച്ചു. സാമ്പത്തിക ബാധ്യതയുള്ളവരെ പൊതുയോഗം നടത്തി സിപിഎം അധിക്ഷേപിക്കുകയാണ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പാർട്ടിയായി സിപിഎം മാറി.
യോഗം വിളിച്ച് അധിക്ഷേപിച്ചതിനാലാണ് ശ്രീജ ആത്മഹത്യ ചെയ്‌തത്. ആരോപണ വിധേയർക്കെതിരെ അത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സംഘടനാ നടപടി സ്വീകരിച്ചു. ബലാൽത്സംഗ കേസിലെ പ്രതി ഇപ്പോഴും സിപിഎം എംഎൽഎയാണ്. ആ എംഎൽഎയോട് രാജിവയ്ക്കാൻ പറയണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
Related tags: Latest News, Kerala, VD Sadheeshan
Social Plugin