● കണ്ണൂർ : വിപണിയിൽ എത്തിയ വ്യാജ വെളിച്ചെണ്ണ പിടികൂടാൻ പരിശോധന കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലക്കയറ്റം മുതലെടുത്ത് മായം കലർന്ന വെളിച്ചെണ്ണകൾ വിൽക്കുന്നത് തടയുന്നതിന് സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് നാലിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കയച്ചു. വ്യാജനെന്ന സംശയത്തെ തുടർന്ന് ഒരു സ്ഥാപനത്തിൽ നിന്ന് 240 പാക്കറ്റ് വെളിച്ചെണ്ണ പിടിച്ചെടുത്തു. ലിറ്ററിന് 380 മുതൽ 400 വരെയാണ് നിലവിലുള്ള വില. പേരിലടക്കം ബ്രാൻഡഡ് വെളിച്ചെണ്ണയെ അനുകരിച്ചാണ് വ്യാജൻമാർ വിപണി കൈയടക്കിയിട്ടുള്ളത്.
വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലാണ് ഇവയിൽ അധികവും വിതരണം ചെയ്യുന്നത്. സുരക്ഷിതത്വം ഉറപ്പില്ലാത്ത ഈ വെളിച്ചെണ്ണകൾക്ക് ഇരുന്നൂറു മുതൽ 220 രൂപ വരെയായാണ് വിറ്റഴിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗുണമേന്മ കുറഞ്ഞ എണ്ണ ടാങ്കറുകളിൽ എത്തിച്ച് ഹാനികരമായ മിശ്രിതങ്ങൾ കലർത്തിയുള്ള വിൽപ്പനയും നടക്കുന്നുണ്ടെന്നാണ് മാർക്കറ്റിൽ നിന്നുള വിവരം. കടയിൽ നിന്ന് വാങ്ങുന്ന ഭക്ഷണ വസ്തുക്കളിൽ മായം ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് ഉൾപ്പടെ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളിൽ അവബോധം സൃഷ്ടിക്കാൻ എഫ്.എസ്.എസ്.എ.ഐ (ഭക്ഷ്യസുരക്ഷാ വകുപ്പ്) പ്രത്യേക മാന്വൽ പുറത്തിറക്കിയിട്ടുണ്ട്.
വിലക്കുറവിന് പിറകെ പോകരുത്
വെളിച്ചെണ്ണക്ക് വില കൂടിയതോടെ വിപണിയിൽ ലഭ്യമായ മറ്റ് എണ്ണകൾ പരീക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുന്നതാണ് വ്യാജന്മാർക്ക് അനുകൂലമാകുന്നത്. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. നിയമവിരുദ്ധമായ വിൽപന ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
വ്യാജനെ അറിയാം
▸ ചേരുവയിൽ ഒന്നിലധികം എണ്ണകൾ ഉണ്ടെങ്കിൽ
▸ എക്സ്പയറി ഡേറ്റ് കഴിഞ്ഞവ
▸ വളരെ കുറഞ്ഞ വിലയിൽ വില്പന
▸ അടച്ചുറപ്പില്ലാത്ത പാക്കിംഗ്
▸ നിറം, മണം, രുചി എന്നിവയിലെ വ്യത്യാസം
മായം കണ്ടെത്താൻ നാല് ഘട്ട പരിശോധന
വെളിച്ചെണ്ണയിൽ ചേർത്ത മായം കണ്ടെത്തുന്നതിനുള്ള നാല് ഘട്ട പരിശോധന രീതിയാണുള്ളത്. ഒരു സുതാര്യമായ ഗ്ലാസിൽ വെളിച്ചെണ്ണ എടുത്ത് റഫ്രിജറേറ്ററിൽ 30 മിനിട്ട് സൂക്ഷിക്കണം. (ഫ്രീസറിൽ വയ്ക്കരുത്). ഫ്രിഡ്‌ജിൽവച്ചാൽ വെളിച്ചെണ്ണ കട്ടിയാകും. മറ്റ് എണ്ണകൾ ഒരു പ്രത്യേക പാളിയായി അവശേഷിക്കും. വാങ്ങിയ വെളിച്ചെണ്ണയിൽ മായം കലർന്നിട്ടുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ ഈ ദ്രുത പരിശോധന നടത്തി ഉറപ്പുവരുത്താം.
ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ
1800 425 1125 ( ടോൾഫ്രീ )
Related tags: Latest News Kannur, Coconut Oil, Fake
Social Plugin