● കണ്ണൂർ : ഭരണഘടന മൂല്യങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം പരിപാലിക്കപ്പെടണം.
അതിനായി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ആവശ്യമാണെങ്കിൽ പോലും നാമെല്ലാവരും അണിനിരക്കാൻ പ്രതിജ്‌ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു. സമാധാനത്തിൻ്റെ മാർഗത്തിൽ ഭരണഘടന മൂല്യങ്ങളും ആ മൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും വിശ്വാസികൾക്ക്, മത വിഭാഗത്തിൽപ്പെട്ടവർക്ക്, ഒരു ജാതിയിൽപ്പെട്ടവർക്ക് കണ്ണുനീർ ഒഴുക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഇന്ത്യയിൽ എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ കഴിയണം. ഒരുപോലെ പ്രവർത്തിക്കാനും ജീവിക്കാനും കഴിയുന്ന സമത്വ സുന്ദരമായ ജനാധിപത്യ അവകാശങ്ങളും മതേതരത്വ അവകാശങ്ങളും സൂക്ഷിച്ചു കൊണ്ടാണ് നമ്മുടെ രാജ്യം ലോകത്തിന്റെ ശ്രദ്ധയിൽ നിറഞ്ഞു നിൽക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണവും ലോകം ശ്രദ്ധിക്കുകയാണെന്നും മന്ത്രി
പറഞ്ഞു.
പ്രാദേശിക സ്ഥഥാപനങ്ങൾ മുതൽ ഇന്ത്യൻ പാർലമെന്റ് വരെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഇത്തരം സ്ഥാപനങ്ങളെ ദുർബലമാക്കാനും കീഴ്പ്പെടുത്തുവാനുമുള്ള ഏത് ശ്രമങ്ങളും രാജ്യത്തിന് ഗുണകരമായിരിക്കില്ല. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാ ധീര ദേശാഭിമാനികൾ നേടിയെടുത്ത സ്വാതന്ത്യം നിലനിർത്തിയെ പറ്റൂ. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ നമ്മുടെ മഹാരാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനായി ജീവൻ സമർപ്പിച്ചവരെ നാം വിസ്മരിക്കരുത്. സ്വാതന്ത്ര്യത്തിനുവേണ്ടി സമരപഥങ്ങളിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ പാവനമായ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
Social Plugin