● കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. പ്രതി ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ദ്ധന തടഞ്ഞ നടപടിക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും നല്‍കിയിട്ടുണ്ട്. മട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജറും നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമാണ് ഫര്‍സീന്‍ മജീദ്.
അധ്യാപകനായ ഫര്‍സീന്റെ ഒരു വര്‍ഷത്തെ ശമ്പള വര്‍ധന തടഞ്ഞു കൊണ്ട് മുട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജ്‌മെൻ്റ് നടപടിയെടുത്തിരുന്നു. സ്ഥാപന മേധാവിയെ അറിയിക്കാതെ യാത്ര ചെയ്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുഖ്യമന്ത്രിക്കെതിരെ ആക്രമണത്തിന് ശ്രമിച്ചെന്നും അധ്യാപക പദവിക്കുതന്നെ കളങ്കം വരുത്തിയെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. പതിനാല് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ഉത്തരവ് അന്തിമമായിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ഇത് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നായിരുന്നു ഫര്‍സീന്റെ ആരോപണം.
2022 ജൂണ്‍ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
Social Plugin