BREAKING NEWS

6/recent/ticker-posts

പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വഴിമുട്ടിയതുതന്നെ

തലശ്ശേരി : തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് പ്രായോഗികമല്ലെന്ന് റെയിൽവേ. ബസ്സ്റ്റാൻഡിൽനിന്ന് സ്റ്റേഷനിലേക്ക് കൂടുതൽ സഞ്ചരിക്കാതെ എത്താനുള്ള വഴിയാണ് ഇതോടെ ഇല്ലാതാകുന്നത്. നേരത്തെ സ്റ്റാൻഡിൽ നിന്ന് സ്റ്റേഷനിലേക്ക് താത്കാലിക വഴിയുണ്ടായിരുന്നു.

ഇത് സുരക്ഷയുടെ പേരിൽ റെയിൽവേ അടച്ചു. അതിനുശേഷം റോഡ് സൗകര്യത്തിന് ശക്തമായ ആവശ്യമുയർന്നിരുന്നു. പുതിയ ബസ് സ്റ്റാൻഡിൽ വെയർഹൗസിങ് കോർപ്പറേഷൻ കെട്ടിടത്തിനും വില്ലേജ് ഓഫീസ് കെട്ടിടത്തിനുമിടയിലൂടെ മലിനജലം ഒഴുകുന്ന സ്ഥലത്ത് സ്ലാബിട്ടാൽ നടപ്പാതയാക്കി മാറ്റാൻ കഴിയും.

ഇതിന് തൊട്ടുള്ള സ്ഥലത്തു കൂടി റോഡ് നിർമിക്കാനും കഴിയും. ഇതിലൂടെ ആളുകൾ നേരത്തെ യാത്ര ചെയ്‌തിരുന്നു. റോഡ് നിർമാണം സാധ്യമല്ലെന്നാണ് റെയിൽവേ അധികൃതർ കഴിഞ്ഞമാസം നടന്ന യോഗത്തിൽ അറിയിച്ചത്. ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ പി. സന്തോഷ്കുമാർ എംപിയുടെ പ്രതിനിധി സി.പി. ഷൈജനെയാണ് ഇക്കാര്യം അറിയിച്ചത്.

ഗുഡ്ഷെഡ് റോഡ് വഴി

:ഇപ്പോൾ പുതിയ ബസ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ഗുഡ്‌ഷെഡ് റോഡ് വഴിയാണ് സ്റ്റേഷനിലേക്ക് പോകുന്നത്. ഗതാഗതക്കുരുക്ക് ഇതുവഴി സ്റ്റേഷനിലെത്താൻ പലപ്പോഴും തടസ്സമാണ്.

സ്റ്റേഷനിൽ തീവണ്ടിയിറങ്ങി സ്റ്റാൻഡിലെത്താനും ബുദ്ധിമുട്ടണ്ട്. സ്റ്റേഷനിൽ നിന്ന് സ്റ്റാൻഡിലേക്ക് വരാൻ ഓട്ടോക്കാരും മടിക്കുകയാണ്. ചെറിയ ദൂരത്തിന് ഓടാൻ പലർക്കും താത്പര്യമില്ല.