● കണ്ണൂർ: കനത്ത മഴയെ തുടർന്ന് പുതിയതെരുവിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം വലിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യത്തിൽ സ്കൂൾ, ഓഫീസ് സമയങ്ങളിൽ ടാങ്കർ ലോറികൾക്കും ചരക്ക് ലോറികൾക്കും നേരത്തെ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് പുതിയതെരുവിലെ ഗതാഗതം സംബന്ധിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനിൽ കെ.വി സുമേഷ് എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. നേരത്തെ രാവിലെ എട്ടുമണി മുതൽ 10 മണി വരെയും വൈകിട്ട് നാലുമണി മുതൽ ആറു മണി വരെയുമാണ് ടാങ്കറുകൾക്കും ചരക്ക് ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു സ്റ്റൈലോ കോർണർ വരെ ദേശീയപാത വളരെ ശോചനീയമായി മാറിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. അടിയന്തരമായി ഒരാഴ്ചക്കുള്ളിൽ ടാറിംഗ് പ്രവൃത്തി നടത്തി നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയും പി.ഡബ്ള്യു.ഡി എൻ.എച്ചും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. താൽക്കാലിക ട്രാഫിക് പരിഷ്‌കരണം നടത്തിയ കടവത്ത് വയൽ ജംഗ്ഷൻ, ചുങ്കം, പഴയങ്ങാടി -തളിപ്പറമ്പ് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ ബോധപൂർവ്വം ട്രാഫിക് ലംഘിച്ച് വരുന്നത് നിയന്ത്രിക്കാൻ ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ കർശനമായ നിരീക്ഷണവും നിയമനടപടികളും സ്വീകരിക്കാൻ യോഗം നിർദ്ദേശിച്ചു. ക്യാമറകളുടെ പ്രവർത്തനം അടിയന്തരമായി സജ്ജമാക്കാനുള്ള നടപടിക്ക് വളപട്ടണം സി.ഐയെ ചുമതലപ്പെടുത്തി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സുശീല, ചിറക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി.രതീഷ് കുമാർ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ജോയിന്റ് സൂപ്രണ്ട് കെ.പി.മനോജ്, ജോയിൻ്റ് ആർ.ടി.ഒ.വിനോദ്, വളപട്ടണം സി.ഐ വിജേഷ്, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വെളുക്കെട്ടും പ്രശ്നം
പുതിയതെരുവിലെ ഡ്രൈനേജിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കണം. പാപ്പിനിശ്ശേരി ഓൾഡ് എൻ.എച്ച് കോട്ടൺസ് റോഡിലെ വാഹന പാർക്കിംഗ്, കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ എന്നിവ മാറ്റാൻ ആവശ്യമായി നടപടി പഞ്ചായത്ത് ഉടൻ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.
Social Plugin