● തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് (ഗ്ലാസ്) കുപ്പികളില്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. എക്സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. പ്രതിവർഷം 70 കോടി മദ്യകുപ്പികളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേർപ്പെടുത്താനുള്ള തീരുമാനം.
പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരിച്ചെടുക്കാൻ സംവിധാനവും ഏർപ്പെടുത്തും. മദ്യം വാങ്ങുമ്പോള്‍ 20 രൂപ പ്ലാസ്റ്റിക് കുപ്പിക്ക് ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ഈ കുപ്പി കുപ്പി ബെവ്കോ ഔട്ട്ലെറ്റില്‍ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ച് നല്‍കുന്ന സംവിധാനമാണ് ഏർപ്പെടുത്തുക. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നടപടിയായാണ് ഇതിനെ നടപ്പിലാക്കുക. ക്ലീൻ കേരളം കമ്പനിയുമായി ചേർന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
തമിഴ്നാട്ടിലെ മാതൃക പഠിച്ചിട്ടാണ് കേരളത്തിലും പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ബെവ്കോ, ക്ലീൻ കേരളം കമ്പനി, എക്സൈസ്, ശുചിത്വമിഷൻ എന്നിവർ സംയുക്തമായി തമിഴ്നാടിന്റെ രീതി പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇതുപ്രകാരം വാങ്ങിയ ഔട്ട്ലെറ്റില്‍ തന്നെ കുപ്പി തിരികെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കു. ഭാവിയില്‍ ഏത് ഔട്ട്ലെറ്റില്‍ കൊടുത്താലും പണം തിരികെ കൊടുക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ തീരുമാന പ്രകാരം കുപ്പിയിലെ സ്റ്റിക്കർ നഷ്ടപ്പെടാൻ പാടില്ല. എങ്കില്‍ മാത്രമേ പണം തിരികെ ലഭിക്കു. സ്വകാര്യ സംരംഭകരെ ഉപയോഗിച്ചാകും ഇത്തരം പ്ലാസ്റ്റ്ിക് കുപ്പികള്‍ സംഭരിക്കുക. ഇതിന് പുറമെ എല്ലാ ജില്ലകളിലും 900 രൂപയ്ക്ക് മുകളിലുള്ള വിദേശമദ്യം വില്‍ക്കുന്ന സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകള്‍ ബെവ്കോ തുറക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലെ ക്യൂ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കം. ഇതില്‍ ആദ്യത്തേത് ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ ജില്ലയിലാകും ആരംഭിക്കുക. പിന്നാലെ നാലെണ്ണം കൂടി മറ്റ് ജില്ലകളില്‍ തുറക്കും.
Social Plugin