Hot Posts

6/recent/ticker-posts

തളിപ്പറമ്പ് താലൂക്കിൽ മഞ്ഞപ്പിത്ത വ്യാപനം; പ്രത്യേക ജാഗ്രതാനിർദേശം

തളിപ്പറമ്പ് : ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ ഹോട്ടലുകളിലും തണുത്ത പാനീയങ്ങൾ വിൽക്കുന്ന കടകളിലും ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുമെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പിൽ താലൂക്ക് ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തും. പ്രദേശത്തെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ പരിശോധന ഊർജിതമാക്കും. കടക്കാർക്കും പൊതുജനങ്ങൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും കാർഡ് ഇല്ലാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം. വ്യാജ കുടിവെള്ള പരിശോധന റിപ്പോർട്ട് ഹാജരാക്കിയാൽ കർശന നടപടി സ്വീകരിക്കും. അത്തരം കേസുകളിൽ ആരോഗ്യ വകുപ്പ് കുടിവെള്ള സാമ്പിൾ നേരിട്ട് ശേഖരിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കും. ഭക്ഷണ വിതരണശാലകളിൽ പൊതുജനങ്ങൾക്ക് കുടിക്കാൻ നൽകുന്ന വെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രം നൽകുക.

വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഉപയോഗിക്കാൻ പാടില്ല. ഇത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും കൈയുറ ധരിക്കണം. തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളമോ യു വി ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കണമെന്ന് തണുത്ത പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും നിർദേശം നൽകി. അല്ലാതെയുള്ള കുടിവെള്ള ഉപയോഗം പരിശോധനയിൽ തെളിഞ്ഞാൽ പൊതുജന നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. ജീവനക്കാരുടെ ആരോഗ്യ പരിശോധന കാർഡ് കയ്യിൽ കരുതണം. തൊഴിലാളികൾ നിർബന്ധമായും കൈയുറ ധരിക്കണമെന്നും നിർദ്ദേശിച്ചു.

Related tags: Latest News Kannur, Thaliparamba, Jaundice

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code