● ദിവസവും നോണ്‍ വെജിറ്റേറിയൻ ഭക്ഷണങ്ങള്‍ ശീലമാക്കിയവരെ ആശങ്കപ്പെടുത്തുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കൂട്ടരില്‍ 25 ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 475,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസേന മാംസാഹാരങ്ങള്‍ കഴിക്കുന്നവരില്‍ കാൻസറിതര രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാഗമാണെങ്കിലും അമിതമായി കഴിക്കുന്നതും പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിന്റെ അമിതോപഭോഗവുമാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
ആഴ്ചയില്‍ മൂന്നുതവണയില്‍ കൂടുതല്‍ റെഡ് മീറ്റോ, സംസ്കരിച്ച മാംസമോ കഴിക്കുന്നവരില്‍ ഹൃദ്രോഗം, പ്രമേഹം, ന്യുമോണിയ, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ചിക്കൻ വിഭവങ്ങള്‍ അമിതമായി കഴിക്കുന്നവരിലും വയറിന് പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തി. എന്നാല്‍ റെഡ് മീറ്റ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നവരില്‍ അയേണിന്റെ കുറവ്, അനീമിയ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു.
ആഴ്ചയില്‍ മൂന്നുതവണയില്‍ക്കൂടുതല്‍ മാംസാഹാരങ്ങള്‍ കഴിക്കുന്നവരില്‍ ഒമ്പത് ദീർഘകാല ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട് ഉയർന്ന പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങള്‍ വണ്ണംകുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഗുണംചെയ്യുമെങ്കിലും നിയന്ത്രണമില്ലാത്ത അമിതോപഭോഗം വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് തരുന്നത്.
1. ദഹനസംബന്ധമായ പ്രശ്നങ്ങള്‍
ദിവസേനയെന്നോണം മാംസാഹാരങ്ങള്‍ ശീലമാക്കിയവരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സാധാരണമാണെന്ന് പഠനം പറയുന്നു. റെഡ് മീറ്റിലും സംസ്കരിച്ച മാംസത്തിലും പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും, ഇത് ദഹനപ്രക്രിയ മെല്ലെയാക്കും. അതുമൂലം മലബന്ധം, അസിഡിറ്റി, വയറ് വീർക്കല്‍ തുടങ്ങിയവയ്ക്കും ക്രമേണ ഗൗരവകരമായ ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ക്കും കാരണമാകും.
2. ഹൈപ്പർടെൻഷൻ, സിഒപിഡി
കൊളസ്ട്രോളും സാച്യുറേറ്റഡ് ഫാറ്റും അമിതമായി അടങ്ങിയ റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് രക്തധമനികള്‍ ചുരുങ്ങാനും ഹൈപ്പർടെൻഷൻ, അതിറോസ്ക്ലിറോസിസ്, സിഒപിഡി( Chronic Obstructive Pulmonary Disease), ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തില്‍ പറയുന്നത്.
3. ആന്റിബയോട്ടിക് പ്രതിരോധം
മൃഗങ്ങളില്‍ രോഗപ്രതിരോധത്തിനും വളർച്ചയ്ക്കുമായി അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു വിധേയമായ മാംസം കഴിക്കുന്നതിലൂടെ ചെറിയ അളവിലാണെങ്കിലും ആന്റിബയോട്ടിക്കുകള്‍ ശരീരത്തിലെത്തും. ഇത് പിന്നീട് ആന്റിബയോട്ടിക് റെസിസ്റ്റൻസിന് കാരണമാകും.
4. കാൻസർ
റെഡ് മീറ്റും പലതരത്തിലുള്ള കാൻസറുകളും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളതെന്നും പഠനത്തിലുണ്ട്. സ്ഥിരമായി റെഡ് മീറ്റ് ഉപയോഗിക്കുന്നത് കോളറെക്റ്റല്‍ കാൻസർ, ബ്രെസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, കിഡ്നി കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടും. സംസ്കരിച്ച മാംസങ്ങളുടെ അമിതോപഭോഗവും കാൻസർ സാധ്യത കൂട്ടുമെന്ന് പഠനത്തിലുണ്ട്.
5. ഹോർമോണ്‍ അസന്തുലിതാവസ്ഥ
മാംസാഹാരങ്ങള്‍ സ്ഥിരമാക്കുന്നത് ഹോർമോണ്‍ നിലയിലും വ്യതിയാനമുണ്ടാക്കും. ഇത് പിന്നീട് പ്രത്യുത്പാദനം, മാനസികാവസ്ഥ, ചയാപചയ പ്രക്രിയ തുടങ്ങിയവയേയൊക്കെ ബാധിക്കും. ചിലഘട്ടങ്ങളില്‍ ഹോർമോണ്‍ സംബന്ധമായ കാൻസറുകളുടെ വളർച്ചയ്ക്കും കാരണമാകും.
6. ആയുസ്സ് കുറയും
സ്ഥിരമായുള്ള മാംസത്തിന്റെ ഉപഭോഗം ആയുസ്സ് കുറയ്ക്കുമെന്നും പഠനത്തിലുണ്ട്. മാംസാഹാരങ്ങള്‍ മിതമായി കഴിക്കുന്നവരില്‍ അകാലമരണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിലുണ്ട്. സന്തുലിതമായ ആഹാരശൈലിയിലാണ് ആയുസ്സ് വർധിക്കാൻ സഹായിക്കുകയെന്നും പഠനത്തില്‍ പറയുന്നു.
7. അമിതവണ്ണം
സ്ഥിരമായി നോണ്‍ വെജ് കഴിക്കുന്നത് അമിതവണ്ണത്തിനും അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. കലോറി ധാരാളം അടങ്ങിയ റെഡ് മീറ്റ് സ്ഥിരമാക്കുന്നത് വണ്ണം കൂടുതല്‍ വെക്കാനിടയാക്കും.
8. ടൈപ് 2 ഡയബറ്റിസ്
മാംസാഹാരം സ്ഥിരമാക്കുന്നത് ടൈപ് 2 ഡയബറ്റിസ് സാധ്യതയും കൂട്ടുമെന്ന് പഠനത്തിലുണ്ട്. സംസ്കരിച്ച മാംസങ്ങളിലെ സാച്യുറേറ്റഡ് ഫാറ്റും മറ്റും രക്തത്തിലെ പഞ്ചസാരയുടെ നില തകിടംമറിക്കും.
9. ഹൃദ്രോഗം
മാംസാഹാരങ്ങള്‍, പ്രത്യേകിച്ച് സംസ്കരിച്ചവ കൊളസ്ട്രോള്‍ നില കൂട്ടും, ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാനഘടകമാണ്.
Social Plugin