● തലശ്ശേരി : ധർമടത്തിനും തലശ്ശേരിക്കുമിടയിൽ കൊടുവള്ളിയിലെ കുരുക്കഴിക്കുന്ന റെയിൽവേ മേൽപ്പാലം യാഥാർഥ്യമായി. പണി പൂർത്തിയായ മേൽപ്പാലം 12-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള വഴിയിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിനാണ് ഇതോടെ പരിഹാരമാകുന്നത്. കിഫ്ബി സഹായത്തോടെ നിർമിക്കുന്ന സംസ്ഥാനത്തെ 10 റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് കൊടുവള്ളിയിലേത്. ആർബിഡിസികെ മുഖേനെയാണ് നിർമാണം പൂർത്തിയാക്കിയത്.
ചെലവ് 36.37 കോടി
മീറ്റർ നീളത്തിൽ രണ്ടുവരിപ്പാതയും നടപ്പാതയും ഉൾപ്പെടെ 10.05 മീറ്റർ വീതിയിലാണ് മേൽപ്പാലം പൂർത്തിയാക്കിയത്. 7.5 മീറ്റർ ആണ് കാര്യേജ് വേ. മേൽപ്പാലത്തിന് പുറമെ ഇതിൻ്റെ സമീപത്തുള്ള ഭൂവുടമകൾക്ക് പ്രവേശനം നൽകുന്നതിനായി ദേശീയപാതയുടെ വശത്ത് നാല് മീറ്റർ വീതിയിൽ അഴുക്കുചാലോടുകൂടിയ 210 മീറ്റർ സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. 27 ഭൂവുടമകളിൽനിന്നായി 123.6 സെന്റാണ് മേൽപ്പാലം നിർമിക്കാനായി ഏറ്റെടുത്തത്.
പദ്ധതിയുടെ മൊത്തം ചെലവ് 36.37 കോടി രൂപയാണ്. ഇതിൽ ഭൂമി ഏറ്റെടുക്കുന്നതിന് 16.25 കോടിയും നിർമാണത്തിന് 10.06 കോടിയും ഉൾപ്പടെ സംസ്ഥാനം 26.31 കോടിയും റെയിൽവേ 10.06 കോടി രൂപയുമാണ് ചെലവഴിച്ചത്.
Social Plugin