● ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് ഗൂഗിൾ പിക്സൽ 10 ശ്രേണി. മൊബൈൽ നെറ്റ്‌വർക്കോ വൈ-ഫൈയോ ഇല്ലാത്ത സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ ആശയവിനിമയം തുടരാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ലോകത്തിലെ ആദ്യ സ്‌മാർട്ട്ഫോണാണ് പിക്‌സൽ 10 ശ്രേണി.
സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് വാട്ട്സ്ആപ്പ് വോയ്‌സ്, വീഡിയോ കോളുകൾ സാധ്യമാക്കുന്ന ഈ ഫോൺ, സാറ്റലൈറ്റ് സാങ്കേതികവിദ്യയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്‌ടിക്കുന്നു. ഇതുവരെ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉള്ള ഫോണുകൾ S0S അലേർട്ടുകൾക്കും ലൊക്കേഷൻ പങ്കിടലിനും മാത്രമായിരുന്നു പരിമിതപ്പെട്ടിരുന്നത്. എന്നാൽ, പിക്സൽ 10 ശ്രേണി ഈ പരിമിതികളെ മറികടന്ന് വാട്ട്സ്ആപ്പ് കോളിംഗ് സൗകര്യം ഒരുക്കുന്നു. വിദേശ യാത്രകൾക്ക് ഈ ഫീച്ചർ ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
പിക്സൽ 10 സീരീസിന്റെ പ്രധാന സവിശേഷതകൾ
പ്രോസസർ: ഗൂഗിളിൻ്റെ അഞ്ചാം തലമുറ ടെൻസർ ജി5 ചിപ്സെറ്റും ടൈറ്റൻ എം2 സെക്യൂരിറ്റി കോർ പ്രോസസറും. 16 ജിബി റാം.
ക്യാമറ: 50MP മെയിൻ വൈഡ് കാമറ, 48MP 5x ടെലിഫോട്ടോ ലെൻസ്, 48MP അൾട്രാ-വൈഡ് കാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം. 42MP ഫ്രണ്ട് ക്യാമറ.
ഡിസ്പ്ലേ: പിക്സൽ 10 പ്രോയിൽ 6.3 ഇഞ്ച് OLED, പിക്സൽ 10 പ്രോ എക്സ‌്എല്ലിൽ 6.8 ഇഞ്ച് OLED, പികൽ 10 പ്രോ ഫോൾഡിൽ 6.5 ഇഞ്ച് കവർ ഡിസ്പ്ലേ.
ബാറ്ററി: പിക്സൽ 10 പ്രോയിൽ 4870mAh, പിക്‌സൽ 10 പ്രോ എക്സ്എല്ലിൽ 5200mAh. 30W/45W USB-C ചാർജിംഗും 15W/25W വയർലെസ് ചാർജിംഗും.
എഐ ഫീച്ചറുകൾ: പിക്‌സൽ സ്റ്റുഡിയോ, ഹെഡ് ഫ്രെയിം, റീഇമാജിൻ, മാജിക് ഇറേസർ, സൂപ്പർ റെസ് സൂം, 'Add Me ഫീച്ചർ എന്നിവ.
ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് 16, ഏഴ് വർഷത്തെ ഒഎസ്, സെക്യൂരിറ്റി അപ്ഡേറ്റുകൾ.
ക്യാമറയും എഐയും: പിക്‌സലിന്റെ മികവ്
പിക്സൽ 10 സീരീസിന്റെ ക്യാമറ സംവിധാനം കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫിയും എഐ ഫീച്ചറുകളും പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങൾ ഉറപ്പാക്കുന്നു. 'Add Me' ഫീച്ചർ ഫോട്ടോഗ്രാഫറെ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെടുത്താൻ സഹായിക്കും. സൂപ്പർ റെസ് സൂം ദൂരെയുള്ള ദൃശ്യങ്ങൾ വ്യക്തമായി പകർത്താൻ സാധ്യമാക്കും. വീഡിയോ ബൂസ്റ്റ്, നൈറ്റ് സൈറ്റ് വീഡിയോ, ഓഡിയോ മാജിക് ഇറേസർ തുടങ്ങിയ ഫീച്ചറുകൾ വീഡിയോഗ്രാഫിയെ മെച്ചപ്പെടുത്തും.
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പിക്‌സൽ 10
ആപ്പിളിന്റെ ഐഫോണുകൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി SOS അലേർട്ടുകൾക്ക് മാത്രം ഉപയോഗിക്കുമ്പോൾ, സാംസങ്ങിന്റെ ഗാലക്സി S25 സന്ദേശമയക്കലിന് മാത്രമാണ് പിന്തുണയ്ക്കുന്നത്. എന്നാൽ, പിക്സൽ 10 സീരീസിന്റെ വാട്ട്സ്‌ആപ്പ് കോളിംഗ് ഫീച്ചർ വിപണിയിൽ ഗൂഗിളിന് മുൻതൂക്കം നൽകും. ഇന്ത്യയിൽ സാറ്റലൈറ്റ് സേവനങ്ങൾ ലഭ്യമാകാനിരിക്കെ, ബിഎസ്എൻഎല്ലിന്റെ പുതിയ സേവനങ്ങൾ ഈ ഫീച്ചർ ഉടൻ യാഥാർഥ്യമാക്കുമെന്നാണ് പ്രതീക്ഷ.
വിൽപ്പന വിവരങ്ങൾ
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന 'മേഡ് ബൈ ഗൂഗിൾ' ഇവൻ്റിൽ പിക്സൽ 10 സീരീസ് ഗൂഗിൾ അവതരിപ്പിച്ചു. പിക്‌സൽ 10 പ്രോ, പിക്‌സൽ 10 പ്രോ എക്സ‌്എൽ, പിക്‌സൽ 10 പ്രോ ഫോൾഡ് എന്നിവയാണ് ഈ സീരീസിലെ മോഡലുകൾ. പിക്‌സൽ 10 പ്രോയുടെ വില 1,09,999 രൂപയിൽ ആരംഭിക്കുമ്പോൾ, പിക്‌സൽ 10 പ്രോ എക്സ‌്എല്ലിന് 1,24,999 രൂപയാണ് ആരംഭവില. തെരഞ്ഞെടുത്ത കാർഡുകളിൽ 10,000 രൂപ ഇൻസ്റ്റൻ്റ് കാഷ്‌ബാക്കും 5,000 രൂപ വരെ എക്സ‌്ചേഞ്ച് ബോണസും ഉൾപ്പെടെ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. മൂൺസ്റ്റോൺ, ജേഡ്, പോർസലൈൻ, ഒബ്‌സിഡിയൻ എന്നീ നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകും. 256 ജിബി സ്റ്റോറേജ് വേരിയൻ്റ് മാത്രമാണ് ഇപ്പോൾ ലഭ്യമാകുക. ഓഗസ്റ്റ് 28 മുതൽ ഇന്ത്യയിൽ ഫ്ലിപ്‌കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ എന്നിവയിലൂടെ വിൽപ്പന ആരംഭിക്കും.
തിരഞ്ഞെടുത്ത കാരിയറുകൾ മാത്രമേ സാറ്റലൈറ്റ് കോളിംഗ് പിന്തുണയ്ക്കു അധിക നിരക്കുകൾ ബാധകമായേക്കാം. ഗൂഗിൾ മാപ്‌സ്, ഫൈൻഡ് മൈ ഹബ് എന്നിവയിൽ തത്സമയ ലൊക്കേഷൻ പങ്കിടുക എന്ന സൗകര്യവും ഫോണിൽ ലഭ്യമാണ്. പിക്സൽ 10 സീരീസ് സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.
Social Plugin