Hot Posts

6/recent/ticker-posts

Ad Code

ജലഉപയോഗം നിയന്ത്രിച്ചു; സെൻട്രൽ ജയിലിൽ ബില്ലിൽ കുറഞ്ഞത് 34 ലക്ഷം


കണ്ണൂർ ➤ വെള്ളത്തിൻ്റെ ഉപയോഗത്തിൽ സൂക്ഷ്‌മത പുലർത്തി കണ്ണൂർ സെൻട്രൽ ജയിൽ. ഒരുവർഷം ബില്ലിൽ കുറവുവരുത്തിയത് 34 ലക്ഷം രൂപ. നാലുലക്ഷം മുതൽ ആറു ലക്ഷം രൂപ വരെയായിരുന്നു സെൻട്രൽ ജയിലിന് പ്രതിമാസം വെള്ളക്കരമായി അടയ്ക്കേണ്ടിയിരുന്നത്. വിവിധ മേഖലകളിൽ ജല അതോറിറ്റിയുടെ വെള്ളത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവന്നതോടെയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓരോ മാസവും വെള്ളക്കരം ഇനത്തിൽ വലിയ കുറവ് വന്നത്.

2024 ജൂൺ വരെയുള്ള ഒരു വർഷത്തെ ആകെ ബിൽത്തുക 55,46,955 രൂപയായിരുന്നത് 2025 ജൂൺ വരെയുള്ള ഒരു വർഷത്തെ ആകെത്തുക 20,78,492 രൂപയായി കുറയ്ക്കാനായി.


ജീവനക്കാരുടെ കൂട്ടായ്‌മയായ ഹരിതസ്പ‌ർശവും സൂപ്രണ്ട് കെ. വേണുവും ഒന്നിച്ചിറങ്ങിയപ്പോഴാണ് ഉപഭോഗത്തിലും ബില്ലിലും കുറവുണ്ടായത്. ജയിലിലെ കിണറുകൾ വൃത്തിയാക്കി അവയെ ആശ്രയിച്ചാണ് ജലഅതോറിറ്റിയുടെ വെള്ളമുപയോഗിക്കുന്നതിൽ കുറവുവരുത്തിയത്. വെള്ളത്തിന്റെ ഉപഭോഗം കൃത്യമായി മനസ്സിലാക്കി ജലവിതരണം നിയന്ത്രിക്കുകയും ചെയ്തു.

അന്തേവാസികളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള വെള്ളത്തിന് ജലഅതോറിറ്റിയെയും ജയിലിലെ കിണറുകളെയുമാണ് ആശ്രയിക്കുന്നത്. ജയിലിലെ കൃഷിക്കും ഇതേ വെള്ളം ഉപയോഗിക്കുന്നു. ഇതോടെ ഉപഭോഗവും വളരെയധികം വർധിച്ചു. 2024 ജൂൺ വരെ ശരാശരി നാലു ലക്ഷം രൂപയ്ക്കും ആറു ലക്ഷം രൂപയ്ക്കും ഇടയിലാണ് ഓരോ മാസവും ജല അതോറിറ്റിക്ക് വെള്ളക്കരമായി ഒടുക്കിക്കൊണ്ടിരുന്നത്.

Comments

Ad Code