● മോഹൻലാല്‍- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിച്ചപ്പോഴോക്കെ മലയാളികള്‍ക്ക് എന്നെന്നും ഓർത്തുവയ്ക്കാനാവുന്ന ഒട്ടേറെ സിനിമകളാണ് ലഭിച്ചിട്ടുള്ളത്. ഇക്കുറിയും പതിവ് തെറ്റിക്കില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' വ്യാഴാഴ്ച തീയേറ്ററുകളിലെത്തുകയാണ്. ഈ വർഷത്തെ വൻവിജയമായ 'തുടരും' എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന മോഹൻലാല്‍ ചിത്രമായതിനാല്‍ തന്നെ ഏവരും വലിയ പ്രതീക്ഷയിലുമാണ്. ഓണം റിലീസായി പ്രധാനമായും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമയെത്തുന്നത്.
പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും പാട്ടും കഴിഞ്ഞദിവസമിറങ്ങിയ ട്രെയ്ലറും ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമാണ് 'ഹൃദയപൂർവ്വം' എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ മോഹൻലാല്‍- സംഗീത് പ്രതാപ് കോംബോ കൈയ്യടി നേടുമെന്നാണ് ട്രെയ്ലറില്‍നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയ താരനിര ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015- ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹൻലാല്‍- സത്യൻ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂർവ്വ'ത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാനസംവിധാന സഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹസംവിധായകർ: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി. സദർ.
Social Plugin